പുനര്‍ വിവാഹം.
ഇവള്‍ എന്റെ പുതിയ സഹധര്‍മ്മിണി. നാട്ടില്‍ നിന്നും ഉരു കയറ്റി രണ്ട് കൊല്ലം മുന്‍പ് കൊണ്ടുവന്ന എന്റെ കാക്കക്കറുമ്പി ‘അശ്വതി’ ഇപ്പോള്‍ ഒരു പത്തായപ്പുരയില്‍ കണ്ണടച്ച് ഇരുട്ടത്തിരിക്കുന്നു.
തൊലിവെളുപ്പുള്ള ഇവള്‍ ‘സൂസി’. ഇവക്കു നൂറ് മുട്ടാന്‍ വെറും 3.7 സെക്കണ്ടു മതി, എന്നെ കുടെഞ്ഞെറിയാനും. നന്നായി പാടാനും, ചെരിഞ്ഞാടാനും ഇവളെ അരങ്ങേറിയ ചേട്ടത്തിമാര്‍ പഠിപ്പിച്ചിരിക്കുന്നു. 70 കുതിരകളുടെ കുതിപ്പ് ഇവള്‍ നെഞ്ചേറ്റിയിരിക്കുന്നു.
ഇനി ഇവള്‍ എന്റെ തോഴി, എന്റെ പ്രേയസ്സി, എന്റെ കാമുകി.
ഞാന്‍ ഇതെല്ലാം മറന്നു!
യാതൊരു പണിയും ചെയ്യാതെ ചൊറിയും കുത്തി ആപ്പീസ്സില്‍ ഇരുന്നപ്പൊ വിച്ചാരിച്ചു ഒന്നു പോസ്റ്റിയാലോ എന്ന്. പക്ഷെ വിഷയം ദരിദ്രനായ് വന്നു ബുദ്ധിയുടെ വാതിക്കല്‍ നിന്നു ‘അമ്മാ വല്ലോതും തരണേ‘ എന്നു പറയുമ്പോള്‍ ചട്ടിയില്‍ ഇട്ടു കൊടുക്കാന്‍ എന്റെ കയ്യില്‍ ക്ലാവു പിടിച്ച ഒരോര്‍മ്മയോ, മടക്കിവച്ച് വര വീണ ഒരു നൊമ്പരമോ ഇല്ല. ഉള്ളതു തന്നെ ബാക്കിയുള്ളവര്‍ക്കു കോട്ടുവാ വരാതെ വായിക്കവുന്ന പോലെ എഴുതാനുള്ള കഴിവും കമ്മി. അപ്പന്റെ കഷണ്ടിക്കഥകള്‍ ഇനിയും ഉണ്ടെങ്കിലും, മുട്ടിനു മുട്ടിനു അങ്ങേര്‍ക്കിട്ട് കുത്താന്‍ ഒരു മടി. ഒന്നും അല്ലെങ്കിലും എന്റെ അപ്പനായി പിറന്നു പോയില്ലേ! ങെ?? അപ്പോ പിന്നെ ഇനി ഓര്‍മ്മ ചികഞ്ഞു നോക്കാം. പക്ഷേ ഈ ഓര്‍മ്മ ഡിപ്പര്‍ട്ടുമെന്റില്‍, ഞാന്‍ ഇത്തിരി മോശമാ. ഇത്തിരിയല്ല, കൊറച്ചധികം.
ആദ്യമായി നാടു വിട്ട്, ബാഗേജ്ജ് അലോഎന്‍സിലും കൂടുതല്‍ സാധനങ്ങള്‍ ഒരു പെട്ടിയിലും, ഒരു സാധാരണക്കാരനു പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ അതിമോഹങ്ങള്‍ മനസ്സിലും കുത്തിനിറച്ച്, കയ്യിലെ കാശെല്ലാം ഒരു എ.ടി.എം കാര്‍ഡിലാക്കി ഇവിടെ വന്നപ്പൊ അതിന്റെ പിന്‍ മറന്നു പോയി. വല്ലനാട്ടിലും വന്നിട്ട് കൊറച്ച് നാള്‍ കയ്യില്‍ അഞ്ചു പൈസ്സപോലും ഇല്ലാതെ തെണ്ടി കുത്തുപാളയെടുത്ത് നടന്നപ്പോ നല്ല 'സൊഗം'. പിന്നെ ലോകത്തിന്റെ നാലു ദിക്കിലും വിളിച്ച് ഒരോ സായിപ്പന്‍മാരോടും 'സായിപ്പെ, ദാറ്റ് മണി ഇസ്സ് മൈന്‍, വൈ നോട്ട് യൂ ഗിവ് മീ ദാറ്റ് നൌ ഒണ്‍ളി, ഐ ആം പിച്ചപാപ്പര്‍ സായിപ്പെ, ഡോണ്ട് കൈവിടല്‍ മീ നൌ പ്ലീസ്സ് ' എന്നൊക്കെ അറിയാവുന്ന പൊട്ടന്‍ ഇന്‍ഗ്ളീഷില്‍ പറഞ്ഞു ഫോണില്‍കൂടി കാലു പിടിച്ചു (?) മേടിച്ചു. ഇതെല്ലാം കഴിഞ്ഞു ഒരു മൂന്നു മാസം കഴിഞ്ഞൊരു ദിവസം ബാഗില്‍ നോക്കിയപ്പൊ, പിന്‍ എഴുതിയ കടലാസ് അതാ എന്നെ നോക്കി കൊഞ്ഞനം കാണിക്കുന്നു.
ഇവിടെ വന്ന കൊല്ലം ഞാന്‍ എഴു പ്രാവശ്യം വീടു മാറി. ശരിക്കും പറഞ്ഞാല്‍ അഞ്ചു പ്രാവശ്യം ഞാന്‍ മാറി, രണ്ടു പ്രാവശ്യം എന്നെ 'മാറ്റി'. അങ്ങനെ സ്വമേധയാ മാറിയ ഒരു മാറല്‍ കഴിഞ്ഞപ്പൊ എന്റെ സന്തത സഹധര്‍മ്മിണി റോളില്‍ അഴിഞ്ഞാടിയിരുന്ന
ജിടെന്‍ഷ കാണാനില്ല! പതിനാറ്‍ ഗിയറും, മുന്‍പിലും പുറകിലും 'സ്റ്റോക്ക് അബ്രോസ്സറും' ഒക്കെയുള്ള അവളെ വല്ല സൈക്കിള്‍ രാവണനും വന്നു പുഷ്പക വാനില്‍ ഇട്ടോണ്ടു കടന്നു കളഞ്ഞതാണോ എന്നൊരു ശങ്കുണ്ണി. പിന്നെ പഴയവീട്ടിലെ ഷെഡ്ഡിലും, പുതിയ വീട്ടിലെ ഷെഡ്ഡിലും, ഞാന്‍ പഠിച്ചിരുന്ന കോളേജിലും, ജോലി ചെയ്തിരുന്ന സ്ഥലത്തും, അറിയാവുന്നവരുടെ എല്ലാരുടെയും വീട്ടിലും, പോയിരുന്നു കുടിച്ചിരുന്ന ഷാപ്പുകളിലും, അന്തര്‍വല ചായക്കടകളിലും, എന്നു വേണ്ട, ഇതുവരെ നടകയറാത്ത പള്ളിമുറ്റത്തുപോലും പോയി നോക്കി (എങ്ങാനും കര്‍ത്താവീശോമിശിഹാ പെട്ടന്നോരാവശ്യത്തിനു വേണ്ടി എടുത്തോണ്ട് പോയതാരുന്നെങ്കിലോ?). നടന്നു വാ പതഞ്ഞതല്ലാതെ സൈക്കിളിന്റെ യാതൊരു അഡ്രസ്സും ഇല്ല. ഒരാഴ്ച്ച കഴിഞ്ഞു ബാക്കിയുള്ള പ്രതീക്ഷയും കൂടി കെട്ട്, ‘കടാപ്പുറത്തു കൂടി പാടി പാടി’ നടക്കാന്‍ പോകുംവഴി എന്റെ എസ്‌റ്റേറ്റ് എജന്റ്‌ന്റെ കടയുടെ മുന്നില്‍ ‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍’ എന്റെ സഹധര്‍മ്മിണി! വീടു കിട്ടിയ സന്തോഷത്തില്‍, സാധനങ്ങള്‍ മാറ്റാന്‍ വണ്ടി വിളിക്കാന്‍ പോയ തിരക്കില്‍ ഒരു ചെറുതരി മറവി!
പിന്നെ, തറവാട് പണയം വച്ചു, അമ്മേടേം, പെങ്ങടേം പണ്ടം പണയം വച്ച് പഠിക്കാന്‍ വന്നിട്ട് പരീക്ഷ സമയം മറന്നു. ഉച്ച കഴിഞ്ഞു യൂണിയിലോട്ട് കയറിച്ചെന്നപ്പൊ ദേ, സായിപ്പുന്മാരെല്ലാം പരീക്ഷയെഴുതി തിരിച്ചു പോകുന്നു. കൊറെ നേരം പൊട്ടന്‍ കുത്തിയപോലെ അവടെ ഇളിച്ചോണ്ട് നിന്നട്ട് ഞാനും തിരിച്ചു വീട്ടിലേക്കു പോന്നു. പിന്നെ, മറവി വരാതിരിക്കാന്‍ എല്ലാം എഴുതി ഒരു ഡയറിയില്‍ സൂക്ഷിച്ചാല്‍ മതി എന്നാരു സഖി പറഞ്ഞതനുസരിച്ച്, ഞാന്‍ ഒരു ഡയറിയെ വെല്ലുന്ന ‘പെര്‍സൊണല്‍ ഓര്‍ഗ്ഗനൈസര്‍’ മേടിച്ചു. അതെവിടെയോ വച്ചു മറന്നതില്‍ പിന്നെ, ഡയറിപ്പരിപാടിയും ഞാന്‍ ഉപേക്ഷിച്ചു.
കടയില്‍ പോയി കാശു കൊടുക്കാതെ സാധനങ്ങളുമായി വീട്ടിലോട്ട് പോരുന്നതിനും, കാശു കൊടുത്ത് സാധനങ്ങള്‍ എടുക്കാതെ പോരുന്നതിനും, കടയില്‍ വാളെറ്റ്(പണക്കിഴി) മറന്നു വച്ച് പോരുന്നതിനും ഒന്നും കണക്കില്ല!
വീട് മാറിയിട്ടും പഴയ വീട്ടില്‍ ചെന്നു പുതിയ വീടിന്റെ താക്കോല്‍ തിരുകാന്‍ നോക്കിയതും, കള്ളനാണെന്നു വിചാരിച്ച് പഴയ വീട്ടിലെ പുതിയ താമസക്കാരന്‍ സായിപ്പ് (അയാളെ പറഞ്ഞിട്ടും കാര്യമില്ല , എന്നെ കണ്ടാല്‍ രണ്ടെണ്ണം വച്ചു കീച്ചാന്‍ പീക്കിരിക്കുഞ്ഞുങ്ങള്‍ക്കും തോന്നും, നല്ല കള്ളലക്ഷണമാ!) പോലീസിനെ വിളിക്കാന്‍ പോയതും ഒക്കെ ഇപ്പോ പഴങ്കഥ.
ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍ എന്നിവയൊന്നും മറക്കുന്നതിനു കണക്കില്ല. “എടാ, ഇന്നു അമ്മചിയുടെ ബര്‍ത്തഡേയാടാ, ഇന്ധ്യയില്‍ ഒരു മണികൂറിനകം നാളെയാകും. ഇപ്പൊ വിളിച്ചാല്‍ രക്ഷപെടാം” എന്നൊക്കെ ചേട്ടനോരുത്തന്‍ വിളിച്ചു പറയുമ്പോള്‍ കുരിവിയുടെ നെഞ്ഞമര്‍ത്തി നാട്ടില്‍ വിളിച്ചു അമ്മച്ചിയെ ഉറക്കത്തില്‍നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ച് ആശംസകളറിയിക്കും.
പേരെഴുതിയ ഒരു ബ്രേസ്സ്‌ലെറ്റ് കയ്യില്‍ കെട്ടിയപ്പോ “എന്തിനാടാ, സ്വന്തം പേരു മറന്നു പോവാതിരിക്കാനാണോ” എന്നൊക്കെ കൂട്ടുകാര്‍ ചോദിച്ചു കളിയാക്കിയതും കഥ.
‘ഞാന്‍ കാത്തിരിക്കാം’ എന്നൊക്കെ എന്നോട് പറഞ്ഞതു മറന്നു ഒരു സുന്ദരി അവളുടെ കല്യാണക്കുറി അയച്ചു തന്നപ്പോള്‍ അവളെ മറക്കാന്‍ മാത്രം ഒരു വിഷമം. അവളെ പറഞ്ഞട്ടും കാര്യമില്ല. ‘പട്ടത്തിപ്പെണ്ണിനു നസ്സറാണിച്ചെറുക്കന്‍‘ എന്നൊരു സിനിമ പോലും ഇറങ്ങില്ല് എന്നുറപ്പ്. ആയുഷ്ക്കാലം മുഴുവന്‍ സാമ്പാര്‍ തിന്നു ജീവിച്ചോളാം എന്നൊരു നേര്‍ച്ച നേരാന്‍ പോലും നസ്സറാണിപ്പുണ്യാളന്‍മാരു സമ്മതിക്കൂല്ല. പിന്നെ എല്ലാ ‘അവന്‍’ മാരേയും പോലെ ഞാനും ഒരു ഊശാന്‍ താടി വളര്‍ത്തി, ശോകഗാനങ്ങളും കേട്ട് ജ്വലിക്കുന്ന ഓര്‍മ്മകളെ ‘മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണവും പ്രതിവിധിയുമായ‘ ബീയറൊഴിച്ച് കെടുത്തി.
ഇതൊക്കെ ഞാന്‍ പറഞ്ഞത് മറ്റെന്തോ വിഷയം അവതരിപ്പിക്കാനായിരുന്നു. എന്ത് പണ്ടാരമാണെന്നു ഒരു പിടിയും കിട്ടുന്നില്ല! ശ്ശെ!
വിരോധാഭാസം - ഇത്ര മറവിയുള്ള ഞാന്‍ ഇതൊക്കെ എങ്ങിനെ ഓര്‍ക്കുന്നെന്ന് ഒരു പിടിയും ഇല്ല!
പൂച്ചക്കൊരു മൂക്കുത്തി
ഇവിടെ വന്നു കുറച്ചു നാള്‍ ഞാന്‍ മലയാളികളുടെ കൂടെയായിരുന്നു താമസം. കുതികാലുവെട്ടല്‍, ഞണ്ടുകളി, പാരവെപ്പ്, ഊമ്പിക്കല്‍ എന്നീ ‘മലയാളി സ്പോര്‍ട്സ്സില്‍’ സ്വര്‍ണ്ണമെഡല്‍ കിട്ടിയ ഒരുത്തന്‍ കൂടിയുള്ളതിനാലും, ടിയാന്റെ വലയില്‍ വീണു കുറച്ചധികം കാശു പോയതുകൊണ്ടും ഞാന്‍ അധികം താമസമില്ലാതെ താമസം മാറി.
ഒരു സോപ്പുപെട്ടിയുടെ വലുപ്പമുള്ള മുറിക്കു മാസം പതിനായിരക്കണക്കിനു ‘രൂഫാ’ വാടക ചോദിക്കുന്ന നാടായതു കാരണം, ഞാനും ഒരു ആറന്മുളക്കാരനും കൂടി എന്റെ കൂടെ അന്നു ജോലി ചെയ്തിരുന്ന കുറച്ച് ഫ്രഞ്ചുകാരുടെ കൂടെ താമസം തുടങ്ങി. അങ്ങനെ ഞാനും, അനിത്ത് -ഉം, പിന്നെ ഫ്രഞ്ചുകാരനായ മാറ്റ് (മാത്തന്‍ എന്നു ഞാനും അനിത്തും), മാത്തന്റെ കാമുകിയായ ‘മറീ’ (മറിയാമ്മ എന്നു ഞങ്ങള്‍), പിന്നെ മാത്തന്റെ നാട്ടുകാരനും, കളിക്കൂട്ടുകാരനുമായ ‘എറിക്ക്’ (മറുതാന്‍ എന്നു ഞങ്ങള്‍) ഒരേ വീട്ടില്‍ താമസം തുടങ്ങി.
ഈ മറുതാന്‍ എന്ന കക്ഷിക്കു ഒരു കെട്ടുവള്ളത്തിന്റെ വലുപ്പവും ഒരു താറാവിന്റെ ബുദ്ധിയുമാണ്. ആളെ കണ്ടാല്‍ ഇടയാന്‍ ഒന്നു രണ്ടാമതു ചിന്തിക്കുമെങ്കിലും അവന്റെ അത്രേം ഒരു പാവത്താനെ ഞാന്‍ ഇതുവരേ കണ്ടിട്ടില്ല. എപ്പോഴും 'mon poule..mon petasse..mon chat' എന്നും വിളിച്ചോണ്ട് നടക്കും. ഫ്രെഞ്ചില്‍ ‘ഇഷ്ടാ, മച്ചാനേ, അളിയാ’ എന്നോക്കെ വിളിക്കുന്നതു ഇങ്ങനെയായിരിക്കും എന്നു ഞാനും കരുതി.
അങ്ങനെ ഫ്രഞ്ചുകാരുമായി താമസിച്ചുവരുന്നതിനിടയില്‍, ഒരു ചെറിയ അക്കിടി പറ്റി. ഞാന്‍ ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ വച്ചു ഒരു ഫ്രഞ്ചുകാരിയെ പരിചയപ്പെട്ടു. കയ്യില്‍ ഇരുന്ന ബീയറിന്റെ ബലത്തില്‍ ഞാന്‍ അവളെ വട്ടമിട്ടു പറന്നു. അങ്ങനെ നല്ലോരു പഞ്ചാര ‘സ്സെഷന്‍’ കഴിഞ്ഞു വീട്ടില്‍ പോകാന്‍ ഞാന്‍ ഇറങ്ങുമ്പോള്‍ അവളോടു കുറച്ചു ഫ്രെഞ്ച് പേശിയാലോ എന്നൊരു ആഗ്രഹം. കള്ളടിച്ചാല്‍ ഏതാഗ്രഹവും സാധിച്ചു തരുന്ന എന്റെ തലച്ചോര്‍ എന്നെ വിലക്കിയില്ല. പകരം നാക്കിന്റെ കണ്ട്രോള്‍ അഴിച്ചു വിട്ടു. എനിക്കറിയാവുന്ന ഫ്രെഞ്ചില്‍ ഞാന്‍ മറുതാന്‍ സാധാരണ എന്നോട് പറയാറുള്ള ഒരു ഗുഡ്ഡ് ബൈ താങ്ങി:
'au revoir mon poule' (ഔ വ്വാര്‍ മോ പൂല്‍) - പോട്ടെ ഇഷ്ടാ..
ഇത് കേട്ട മദാമ്മക്കു ചെറിയൊരു അത്ഭുതം. എന്തോ പാളി എന്നൊരു ചിന്ത എനിക്കും. ഇനി പറഞ്ഞതു വല്ല അരുതായ്മയുമാണോ?? എന്നാല്‍ മറ്റൊരു ഡൈക്കോല്‍ അടിച്ചു നോക്കാം.
'au revoir mon pittase' (ഔ വ്വാര്‍ മോ പെറ്റാസ്സ്) - പോട്ടേ മച്ചാനേ..
‘പെറ്റാസ്സ്‘ എന്ന വിളികേട്ടു പോട്ടാസ്സ് പൊട്ടിയ പോലെ മദാമ്മ ഒന്നു ഞെട്ടി. പന്തികേടായോ??. എന്നാല്‍ ഗിയറൊന്നു മാറ്റി നോക്കാം.
'au revoir mon chat' (ഔ വ്വാര്‍ മോ ഷാറ്റ്) - പോട്ടെ അളിയോ
ഇത്തവണ, മദാമ്മ ഞെട്ടിയെന്നു മാത്രമല്ല, അവളുടെ വാ പൊളിഞ്ഞു താടി താഴെ വീഴും എന്നെനിക്കു തോന്നി. എന്തോ സാരമായി പാളി എന്ന് എനിക്കു പിടികിട്ടി. ചമ്മല്‍ കാരണം എന്റെ മുഖം തീവണ്ടി കയറിയ ഇരുപതു പൈസ്സ പോലെയായി. ഉടനേ ഞാന്‍ ഇന്‍ഗ്ലീഷില്‍ തന്നെ ഗുഡ്ഡ് ബൈ പറഞ്ഞു പുറത്ത് ചാടി.
പിറ്റെ ദിവസം മറുതാനോട് ചോദിച്ചപ്പോ അവന്‍ ഇതെല്ലാം ‘ശരിക്കും’ തര്‍ജ്ജമ ചെയ്യ്തു തന്നു.
'mon poule' - my chick
'mon petasse' - my bitch
'mon chat' - my pussy
ഈ മൂന്നാമത്തെതിനു ഇവിടങ്ങളില്‍ വളരെ വ്യത്യസ്തമായ ഒരു അര്‍ഥമുള്ളത് മദാമ്മക്കും അറിയാമായിരുന്നു. അടികൊള്ളാതെ രക്ഷപെട്ടത് എന്റെ അമ്മച്ചി യൂദാ തദേവൂസ്സിന്റെ പള്ളിയില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കുന്നതു കൊണ്ടുമാത്രമാണ്.
മൂന്നു മാസത്തിനു ശേഷം..
രാവിലെ അവന്‍ ഉറക്കമുണര്‍ന്നത് കിടക്കയുടെ അരികിലിരുന്നു ചിരിക്കുന്ന അവളെക്കണ്ടുകൊണ്ടാണ്. മൂന്നു മാസം കഴിഞ്ഞതേയുള്ളുവെങ്കിലും അവളുടെ ചിരിക്കു ഇതുവരെ തെല്ലൊരു മങ്ങല്‍ പോലുമില്ല. അവന്‍ അവളുടെ കവിളുകളില്‍ മെല്ലെ തലോടി. ഇന്നലെ രാത്രി വീട്ടില്‍ വന്നപ്പോള്‍ എത്ര മണിയായെന്നു പോലും ഓര്‍മ്മയില്ല. അവള്‍ ഇതെല്ലാം അറിയുന്നുണ്ടാകും. അവള്‍ ഒന്ന് ശകാരിച്ചിരുന്നെങ്കില്‍ എന്നയാള്‍ ഓര്‍ത്തു.
കുളിച്ചു വസ്ത്രം മാറി, കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ മേശക്കപ്പുറമിരുന്നു കൈയ്യില്‍ ഒരു പുസ്തകവുമായി അവള്‍ കുസ്രുതിയോടെ മറ്റൊരു ചിരി അവനു സമ്മാനിച്ചു. എന്തോ മറക്കുന്നുവോ?? കാപ്പി കുടിച്ചുകഴിഞ്ഞു അയാള്‍ ചെന്നു അവളുടെ ചുണ്ടുകളെ മെല്ലെ ചുംബിച്ചു.
റ്റി.വി-യുടെ മുകളില്‍ നിന്നും താക്കോല്‍ എടുക്കാന്‍ ചെന്നപ്പോള്‍ അവന്‍ അവളെ ഒന്നു കൂടി നോക്കി. അവള്‍ മുറ്റത്തെ പൂക്കള്‍ നനച്ചുകൊണ്ട് നില്‍ക്കുന്നു . “നിന്റെ പകുതി ഭാഗ്യം എനിക്കുണ്ടായിരുന്നെങ്കില്‍...രശ്മിയെ നിനക്കു കിട്ടിയത് എന്തോ പുണ്യമാ” എന്ന് അര്‍ജ്ജുന്‍ പറഞ്ഞതു അവന്‍ ഓര്‍ത്തു.
ഓഫീസ്സില്‍ ചെന്നപ്പോള്‍ ജയന്തി ഒരു മഞ്ഞ റോസാപ്പൂ അവനു കൊടുത്തിട്ടു പറഞ്ഞു “ഹാപ്പീ വാലെന്റൈന്‍സ്സ് ഡേ”. “ഇന്നു വൈകുന്നേരം എല്ലാവരും സിനിമക്കും ഡിന്നറിനു പോകുന്നുണ്ട്, അജെയ് വരുന്നോ?”. ആശംസയും ചോദ്യവും ഒരുമിച്ചു. “താന്‍ക് യൌ..ഇല്ല ജയന്തി..നിങ്ങള്‍ പോയ്ക്കോളൂ, എന്‍ജോയ് യോര്‍സെല്വ്സ്സ്“ അവന്‍ പറഞ്ഞോഴിഞ്ഞു.
അപ്പോഴാണു അവന്‍ അതോറ്ത്തതു. ഛെ...മിനിഞ്ഞാന്നു പോലും ഓര്‍ത്തിട്ടു ഇന്നതെല്ലാം മറന്നു. മൂന്നു മാസമേ ആയുള്ളെങ്കിലും താന്‍ പതുക്കെ അയയുവാന്‍ തുടങ്ങി എന്നവനു സ്വയം തോന്നി. അതും നല്ലതു തന്നെ. അല്ലെങ്കിലും എത്രനാള്‍? പിന്നെ ദിവസം എങ്ങിനെയെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നായി അവന്. സ്വരൂപും, അന്‍വറും, സൌമ്യയും വന്നു വീണ്ടും ഡിന്നറിനു ക്ഷണിച്ചെങ്കിലും അവന്‍ വീണ്ടും ഒഴിഞ്ഞു മാറി. ജി.എം-ഉം കൂടി അവരുടെ കൂടി പോകുന്നതു കൊണ്ടു നെരത്തെ ജോലി തീര്‍ന്നു.
എത്രയും പെട്ടന്നു വീട്ടില്‍ എത്തിയാല്‍ മതിയെന്നായി അവനു. പോകും വഴി പൂക്കടയില്‍ നിറുത്തി. “എല്ലാം രാവിലെ കോളെജ്ജ് പിള്ളേര്‍ വന്നു കൊണ്ടുപോയി സാറേ, ഇനി ഇത്രയുമെയുള്ളൂ”. പൂക്കളെല്ലാം ചെറുതായി വാടാന്‍ തുടങ്ങിയെങ്കിലും അതില്‍ നിന്നും ഡച്ച് റോസ്സുകള്‍ നല്ല ആറെണ്ണം നോക്കി അവന്‍ എടുത്തു.
വീട്ടില്‍ ചെന്നു താക്കോല്‍ വീണ്ടും റ്റി.വി-ക്കു മുകളില്‍ അവന്‍ വച്ചു. കയ്യിലെ പൊതിയില്‍ നിന്നും രണ്ട് പൂ വീതം എടുത്ത് അവള്‍ ചെടികള്‍ നനക്കുന്നതിന്റെയും, പുസ്തകം വായികുന്നതിന്റെയും, കിടക്കക്കരികിലേയും ചിത്രങ്ങള്‍ക്കു മുന്നില്‍ കൊണ്ടുപോയിവച്ചു. മൂന്നുമാസം മുന്‍പു തന്നെ ഈ ലോകത്തില്‍ ഒറ്റക്കാക്കി പോയ അവളെയോര്‍ത്തു അവന്റെ മനസ്സു വിങ്ങിക്കരഞ്ഞു.
മീശക്കത്രിക
വിശാലന്റെ
പാക്കിസ്ഥാന്‍ ചാര സംഭവം വായിച്ചപ്പോ പഴയ ഒരു ചാരക്കഥ ഓര്‍മ്മ വന്നു.
യാതൊരു വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാതെ കളിച്ചു നടന്നു വെയിലേറ്റ് വാടിയ ഒരു വേനല്‍ക്കാലം. തേവര എന്ന മഹാരാജ്യത്തിന്റെയും കോന്തുരുത്തി എന്ന അയ്യല്‍ സാമ്രാജ്യത്തിന്റെയും അതിരുകള്‍ വാടക സൈക്കിളില്‍ ‘കൈവിട്ട്‘ ചവുട്ടി നടന്നു കറങ്ങിക്കണ്ടു നിജപ്പെടുത്തി. എറിയാന്‍ കശുമാവുകളധികമില്ലാത്ത ‘യെര്‍ണാളത്ത്’ കായല്‍വക്കത്തിരുന്ന് ചെറിയ ഞണ്ടുകളെ ഈര്‍ക്കിലി കൊരുക്കിയും, ‘നെറ്റിയെപൊന്നന്‍’ എന്ന മീനിനെ പാടത്തെ (ഇന്നു അവിടെയെല്ലാം പത്ത് നില ഫ്ലാറ്റുകള്‍) കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്നും കാലുകൊണ്ട് തെള്ളിച്ചു പിടിച്ചും, അമ്മച്ചിയുടേയും ഇച്ചാച്ചന്റെയും
അടിപാഴ്സലുകള്‍ എറ്റുവാങ്ങിയും ദിവസങ്ങള്‍ താഴോട്ടെണ്ണി തീര്‍ത്ത് കഴിഞ്ഞിരുന്നു.
അങ്ങനെ സ്കൂള്‍ തുറക്കാന്‍ വെറും 10 ദിവസം ബാക്കിനില്‍ക്കെ, പുതിയ ബാഗും, പുതിയ ഉടുപ്പും, മഴ മഴ, കുട കുടയും, ചേച്ചിയുടെ പഴയ പാഠപുസ്തകങ്ങളും ഒക്കെ റെഡിയായി വന്നൊരു രാത്രി. ഒരു ഓട്ടോ റിക്ഷയില്‍ ആരോ രാത്രി എന്തോ വിളിച്ചു പറഞ്ഞുകൊണ്ട് പോയതു ഉറക്ക ക്ഷീണത്തില്‍ ഞാന്‍ ഗൌരവമാക്കാതെ, തലയിണ കെട്ടിപ്പിടിച്ചു, തലവഴി മൂടിപ്പുതച്ചു കിടന്നുറങ്ങി. പിറ്റെന്നു രാവിലെ മാന്‍ഡ്രെക്കു വായിക്കന്‍ പത്രമെടുത്തപ്പോഴാണു, രാത്രീലെ അനൌണ്‍സ്മെന്റിന്റെ പൊരുള്‍ കിട്ടിയത്. മനോരമ അവരുടെ മുന്‍ പേജില്‍, അവരുടെ പ്രെസ്സിലെ എറ്റവും വലിയ അക്ഷരത്തില്‍ “രാജീവ് ഗാന്ധി വധിക്കപ്പെട്ടു” എന്നു അച്ചടിച്ചിരിക്കുന്നു. May 21, 1991.
ഭൂഗോള രാഷ്ട്രീയത്തില്‍ വലിയ പിടിപാടൊന്നും ഇല്ലായിരുന്നെങ്കിലും ‘ഇസ് ദേശ് കെ കോനേ, കോനേ സെ, കോനെ കോനേ തക്ക്’ എന്നു രാജീവ് ഗാന്ധി പറഞ്ഞിരുന്നതു ഇച്ചാച്ചനെ അനുകരിച്ചു കാണിച്ചു രസിപ്പിച്ചിരുന്ന എനിക്കു, കാര്യമായ എന്തൊ സംഭവിച്ചു/സംഭവിക്കാനിരിക്കുന്നു എന്ന് മനസ്സിലായി. പിന്നീടുള്ള ദിവസങ്ങളില്‍ ശിവരശന്‍, ധനു, ഇള, പ്രഭാകരന്‍, എന്നൊക്കെ ആള്‍ക്കാര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രത്യേകിച്ചു നമ്മുടെ ഒറ്റക്കണ്ണ്ന്‍ ശിവരശനെ.ഒരു രാജീവ് ഗാന്ധി മരിച്ചതിനേലും, ദു:ഖസൂചകമായി 20 ദിവസം കൂടി അവധി കിട്ടിയതില്‍ അന്നു ഞാന്‍ സന്തോഷിച്ചു.
അങ്ങ്നെ നീട്ടിക്കിട്ടിയ വേനലവധി ചിലവാക്കാന്‍ തേവര സ്കൂള്‍ ഗ്രൌണ്ഡില്‍ സൈക്കിള്‍ റേസ്സ് നടത്തലായിരുന്നു പ്രധാന വിനോദം. ഒരിക്കല്‍ നട്ടുച്ചക്കു ക്ഷീണം മാറ്റാന്‍ സ്കൂളിന്റെ താഴെ വന്നു നിന്നു വര്‍ത്തമാനം പറഞ്ഞുകൊണ്ട് നിക്കുംബോള്‍ മുകളില്‍ മൂന്നാം നിലയില്‍ ഇരുമ്പു പോലെ എന്തൊ താഴെ വീഴുന്ന ഒരു സ്വരം. എന്തോ പ്രേതകഥ പറഞ്ഞുനിന്ന ഞങ്ങളെല്ലാവരും ഒന്നു ഞെട്ടി. അതെന്തായിരിക്കും എന്ന ആരുടെയോ സംശയത്തിനു, കൂട്ടത്തില്‍ ഏറ്റവും ബുദ്ധിമാനായ ഈയുള്ളവന്‍ “മറ്റാരുമല്ലടാ, ഇതു ശിവരശന്‍ ഒളിച്ചു താമസിക്കുന്ന സ്ഥലമാണെന്നു” അങ്ങ് കാച്ചി. എന്നെ എതിര്‍ക്കുന്നവരെ ഇടിക്കുന്ന എന്റെ സ്വഭാവം അറിയാവുന്ന അവരെല്ലാം “എന്റമ്മോ, ശരിയാടാ!“ എന്നും “എന്നോടു ഇന്നു നേരത്തെ വീട്ടില്‍ ചെല്ലാന്‍ അമ്മച്ചി പറഞ്ഞു” എന്നും മറ്റും പറഞ്ഞു പെട്ടന്നു അവിടെ നിന്നും വലിഞ്ഞു. ഇവിടെയാകുമ്പോള്‍ പോലീസൊന്നും ശ്രദ്ധികൂല്ലല്ലോ എന്ന എന്റെ അതിബുദ്ധി കൂടി കേട്ടപ്പോ, ബാക്കിയുണ്ടായിരുന്ന വാനരന്മാര്‍ക്കും അതു ശരി തന്നെ എന്നു മനസ്സിലായി. “ശിവരശനെ പിടിച്ച കുട്ടികള്‍“ എന്ന തലക്കെട്ടില്‍ പത്രത്തില്‍ വരാന്‍ പോകുന്ന വാര്‍ത്തയും പടവും എന്റെ മനസ്സില്‍ ഒരു ട്രെയിലര്‍ ആയി ഓടി.
പിന്നെ ശിവരശനെ പിടിക്കാനായി പരിപാടികള്‍. ഞാനും എന്റെ സന്തത സഹചാരിയുമായ ജൂജനും (ശരിക്കും പേരല്ല) കൂടി ഒരു കമാന്‍ഡോ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തു. ബാക്കി ആര്‍ക്കും ധൈര്യമില്ലാത്തതു കൊണ്ട്, ഞങ്ങള്‍ രണ്ടാളുമേ ഈ ഉദ്യമത്തിനു പേരുവച്ചുള്ളൂ. എന്നാല്‍ ഉച്ചയൂണു കഴിഞ്ഞു വന്നു ശിവരശനെ പിടിക്കാം എന്നു പറഞ്ഞു ഞങ്ങള്‍ രണ്ടാളും വഴി പിരിഞ്ഞു. ഊണൊക്കെ കഴിഞ്ഞു ഞാന്‍ ജൂജന്റെ വീട്ടില്‍ ചെന്നു. ഒരു കൊടും ഭീകരനെ പിടിക്കാന്‍ പൊകുവല്ലെ,അതിനുള്ള ആയുധങ്ങള്‍ എല്ലാം ഞാന്‍ എടുത്തിട്ടുണ്ടായിരുന്നു. ജൂജന്‍ അവന്‍ ഏറ്റിരുന്ന സാധനങ്ങളുമായി ഇറങ്ങിവന്നു. ഞങ്ങള്‍ രണ്ടാളും ഒരു സൈക്കിളില്‍ ‘ഡബിള്‍സ്സ്’ കയറി ശിവരശനെ പിടിക്കാന്‍ പുറപ്പെട്ടു.
സ്കൂളില്‍ ചെന്നു, സൈക്കില്‍ ദൂരെ ‘പാര്‍ക്ക്’ ചെയ്ത് ഞങ്ങള്‍ രണ്ടാളും ആയുധങ്ങള്‍ പുറത്തെടുത്തു നിജപ്പെടുത്തി. കൊള്ളാം, എല്ലം ഉണ്ട്. ശിവരശന്റെ കണ്ണില്‍ എറിയാന്‍ മുളകുപോടി, സ്വയരക്ഷക്കു ഇച്ചാച്ചന്റെ മീശവെട്ടുന്ന കത്രിക, ശിവരശനെ കീഴ്പ്പെടുത്തിയിട്ട് ‘ഹാന്‍സ്സപ്പ്‘ പറയാന്‍ പോട്ടാസ്സ് തോക്കും. ‘മുളകുപൊടിയില്‍ എന്തിനാടാ നീ ഉപ്പിട്ടതു’ എന്നു ചോദിച്ചപ്പോ ‘അധികം എരിയാതിരിക്കാന്‍’ എന്നു പറഞ്ഞ ജൂജനെ എനിക്കപ്പൊ പൊട്ടാസ്സ് തോക്കിനു വെടിവെച്ച് കൊല്ലാന്‍ തോന്നിയെങ്കിലും ‘പ്രായത്തില്‍ കവിഞ്ഞ’ സംയമനം പാലിച്ചു ഞാന്‍ അത് വേണ്ടെന്നുവച്ചു.
സ്കൂളിനപ്പുറത്തെ പള്ളിയില്‍ നോവേനക്കു വേണ്ടി ബെഞ്ച് എടുക്കാന്‍ പ്യൂണ്‍ സ്കൂളിന്റെ ഗ്രില്‍ തുറന്നു വച്ചതു സൌകര്യമായി. ഞങ്ങള്‍ രണ്ടാളും തക്കം പാര്‍ത്ത് ഗ്രില്ലിന്റെ മുന്‍പിലുള്ള ചെടികള്‍ക്കിടയില്‍ ഒളിച്ചിരിന്നു. ഒരു ബെഞ്ചും തലയില്‍ വെച്ചൊണ്ട് പ്യൂണ്‍ പള്ളിയിലേക്കു പോയ തക്കം നോക്കി ‘കമാന്‍ഡോസ്സ്’ രണ്ടുപേരും അകത്തു കേറി. ഒരു സിനിമാ ഇഫക്ടിനു വേണ്ടി ഇടക്കിടെ ‘ടാന്‍ ടാങ്ങ്, ടാന്‍ ടാങ്ങ്‘ എന്നു സൌണ്ട് വക്കാനും ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അകത്തു കടന്ന പടി, ഞങ്ങള്‍ രണ്ടാളും വെടികൊണ്ട പന്നി കണക്കെ ഓടി രണ്ടാം നിലയില്‍ കയറി. ഒരു നില കൂടി കയറിയാല്‍ ലക്ഷ്യത്തിലെത്താം. പക്ഷേ ‘ഓപ്പറേഷ’നു ഒരു വലിയ തടസ്സമായി മൂന്നാം നിലയിലേക്കുള്ളാ ഗോണിപ്പടികള്‍ താഴിട്ടു പൂട്ടിയിരിക്കുന്നു! പെട്ടന്നു തന്നെ താഴെ ഒരു ആളനക്കം. ‘ഞാന്‍ പത്ത് ബി-യില്‍ നിന്നും ബെഞ്ചെടുക്കട്ടെ പൌലോസേട്ടാ?’ കപ്യാരു പയ്യന്‍ ഡേവീസ്സാണു. പരീക്ഷപ്പേപ്പറൊക്കെ ഇരിക്കുന്ന സ്കൂളാണു. അവിടെക്കയറി മാര്‍ക്കു തിരുത്താന്‍ വന്നു എന്നോ മറ്റോ പറഞ്ഞു ഞങ്ങളെ പിടികൂടിയാലുള്ള നാണക്കേടോര്‍ത്ത് ഞാന്‍ ജൂജനേയും അവന്‍ എന്നെയും ദയനീയമായി നോക്കി. ഈ ഒരേ ചിന്ത ഒരേ സമയം ഞങ്ങളുടെ രണ്ടാളുടേയും തലയില്‍ക്കൂടി ഒരുമിച്ചു പോയതെങ്ങ്നെയാണെന്നു ഇന്നും എനിക്കൊരു പിടിയുമില്ല. ഡേവീസ്സെങ്ങാനും പിടിച്ചാല്‍ പിന്നെ ഒരു രക്ഷയുമില്ല. കുര്‍ബാനക്കു ‘അള്‍ത്താര പിശാശുക്കളായ’ ഞാനും ജൂജനും വീഞ്ഞു കട്ടു കുടിക്കുന്നതു തെളിയിക്കാന്‍ നോക്കിനടക്കുന്ന ഡേവീസിനു ഇതായാലും മതിയാകും. ഞങ്ങള്‍ രണ്ടു പേരും നിന്നു വിറക്കാന്‍ തുടങ്ങി. ജൂജന്റെ കണ്ണും എന്റെ നിക്കറും നനഞ്ഞതു പെട്ടന്നായിരുന്നു.
പത്ത് ബി-യില്‍ നിന്നും ബെഞ്ചെടുക്കാന്‍ ഡേവീസ്സ് ഇപ്പോ മുകളിലേക്കു വരും. മുളകുപൊടിയും, കത്രികയും, തോക്കുമായി നിക്കുന്ന ഞങ്ങളെ കൈയ്യോടെ പൊക്കും. ചങ്കു ഇടിച്ച് ഇടിച്ച് തെണ്ട വരെ എത്തി. ഡേവീസ്സിന്റെ കാലൊച്ച ഗൊണിപ്പടികളുടെ താഴെ ഞങ്ങള്‍ക്കു കേള്‍ക്കാം. ഹെഡ്ഡ്മാസ്റ്ററച്ചന്‍, വികാരിയച്ചന്‍, കപ്യാര്‍ ഡെവീസ്സ്, ഇച്ചാച്ചന്‍, അമ്മച്ചി, കൊച്ചമ്മച്ചി, എന്നു വേണ്ട, നാട്ടുകാരുടെ എല്ലാവരുടെയും കിഴുക്കും, ചൂരലിനടിയും കിട്ടുന്നതിന്റെ ഒരു ട്രെയിലര്‍ പെട്ടന്ന് എന്റെ മനസ്സിലോടി.
“ഡേവീസ്സെ, നീ ആദ്യം അപ്പുറത്ത് എട്ട് സി-യില്‍ നോക്ക്’ എന്നു താഴെ നിന്നു പൌലോസ്സു ചേട്ടന്‍.’ആ, ശരി’ എന്നും പറഞ്ഞു ഡേവീസ്സിന്റെ ഒച്ചക്കൊപ്പം കാലടിയൊച്ചയും നീങ്ങിത്തുടങ്ങിയപ്പോഴാണു ചങ്കിടിപ്പു കുറഞ്ഞത്. ഡേവീസ്സ് മാറിയെന്നറിഞ്ഞ ഉടനെ, കമാന്‍ഡോസ്സ് രണ്ടാളും കൂടി വാലില്‍ തീ വച്ച പടക്കം കെട്ടിയ പൂച്ച ഓടുന്ന പോലെ ഒറ്റ ഓട്ടം. ഇറങ്ങിയോടി, മതിലുചാടി, സൈക്കിളെടുത്ത് പാഞ്ഞു ചവുട്ടി മുക്കാല്‍ കിലോമീറ്ററപ്പറത്തുള്ള തേവരപ്പാലത്തിന്റെ അടിയില്‍ ചെന്നപ്പോഴാണു ശ്വാസം നേരേ വീണതും, തിരിഞ്ഞു നോക്കിയതും.
ഈ തിരക്കിനിടയില്‍ മുളകുപൊടിയും, കത്രികയും, തോക്കും എല്ലാം എവിടെയോ വീണു പോയി. പിന്നെ പാലത്തിന്റെ അടിയില്‍ പോയി, നിക്കര്‍ നനച്ചു, ഉണങ്ങുന്നവരെ വെയിലത്ത് കൂടി സൈക്കിള്‍ ചവട്ടിയതിനു ശേഷമാണു വീട്ടില്‍ പോയതു.
പിന്നെപ്പൊഴും മീശ വെട്ടുമ്പോള്‍ ഇച്ചാച്ചന്‍ ‘ശ്ശെ, എന്റെ പഴയ കത്രിക നല്ല ഉഗ്രന്‍ മെയ്ഡ് ഇന്‍ ഇന്‍ഗ്ലണ്ട് സാധനമായിരുന്നു. അതെവിടെപ്പോയൊ ആവോ’ എന്നു പറയുമ്പോള്‍ സത്യം പറയാനുള്ള ധൈര്യം ഇന്നും എനിക്കില്ല. ഒന്നുമല്ലെങ്കിലും എനിക്കെന്റെ പൊട്ടാസ്സ് തോക്കു നഷ്ടമായില്ലെ?? ഞങ്ങള്‍ തുല്യദുഖിതര്‍
ഒരു വഞ്ചി(ക്കഥയില്ലാ)ക്കഥ
വെട്ടിവീഴണ പാഴ്മരമെല്ലാം കൂട്ടിപ്പിടിപ്പിച്ചു, ഉരു പണിതു, നാട്ടിലുള്ള തടിമാടന്മാരെയെല്ലാം കൈയ്യില്‍ ഓരോ കൊടുവാളും തോക്കും കൊടുത്ത് കേറ്റിയിരുത്തി “യെബടേങ്കിലും പോയി അന്നാട്ടിലെ ആബ്രന്നോമാരേയെല്ലാം കൊന്ന് ഈ കൊടി അബട കുത്ത്” എന്നും പറഞ്ഞ് പണ്ടു ശീമേലിരുന്നൊരു മഹാറാണി ലോകം ഭരിച്ച കാലമുണ്ടായിരുന്നു.
മേല്‍ റാണിയുടെ കീഴ് പടയാളികള്‍ കയറിയ ഒരു ഉരു കാറ്റടിച്ചെന്തോ വള്ളുവനാട്, വഞ്ചിനാട്, ശംഖുനാട് എന്നീനാടുകളില്‍ നടുക്കുള്ള ‘ആ വിട്ട് പിടി, ഞങ്ങ തന്നെയാണ്‍ മര്യാതക്ക് മലയാളം പറയണ’ എന്നു പറഞ്ഞഭിമാനിച്ചിരുന്ന, കൊച്ചീക്കാര്‍ തിങ്ങിപ്പര്‍ക്കുന്ന വഞ്ചിനാട്ടില്‍ വന്നു ചേര്‍ന്നു. ട്രാന്‍സിറ്റെന്നും പറഞ്ഞു വന്ന് റെസിഡെന്‍സി അടിച്ചു മേടിച്ച അവര്‍ക്കാകെ ഒരു സഭാകമ്പനം. ശീമയിലെ അസ്ഥിക്കു കുത്തുന്ന തണുപ്പിനും മഴക്കും പകരം, ഇവിടെ ഉച്ചി കത്തിക്കുന്ന നല്ല വെയിലും പിടുക്കുരുകുന്ന ചൂടും, കടലാസിനു പകരം ഇടംക്കൈ, കാല്‍ക്കുഴലിനു പകരം ഒറ്റപ്പീസ്. ഇതൊന്നും പോരാഞ്ഞു ഞായറാഴ്ച്ചക്കുര്‍ബാന കാണാന്‍ ഇറങ്ങിത്തിരിച്ച ഒരു സായിവന്‍ വഴിതെറ്റി പള്ളിയാണെന്നു കരുതി കാളി ക്ഷേത്രത്തില്‍ ചെന്നു കയറിയതും (ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വ്രദ്ധനെപ്പോലെ തന്നെ), കാളിയെക്കണ്ട് “എന്റെടീ കത്രീനാമ്മേ, ഇവിടത്തെ വ്യാകുല മാതാവിന്റെ പള്ളീലെ മാതാവിനു നാലു കൈയ്യാണെടിയേ, പൊരാത്തതിനു മുറുക്കിചൊവന്നോരു നാക്കും” എന്നും മറ്റും തിരിച്ചു ശീമയിലുള്ള ടിയാന്റെ കെട്ടിയ ചൂച്ചിക്കു കത്രീനച്ചൂച്ചി@താളിയോല.കോപ്പി-ലേക്കു മറുമെയിലയച്ചതും പഴങ്കഥ.
എല്ലാ മാസോം പപ്പന്റെ പലചരക്കുകടേല്‍ കോണ്ടുപോയ് തോക്കു പണയം വെച്ച് ഇഞ്ചി, ഗ്രാമ്പൂ, തക്കോലം, കറുവാപട്ട, കുരുമുളക് ഇത്യാദി പല ചരക്കുകള്‍ മേടിച്ച്, വെള്ളം ചേര്‍ത്തരച്ച് കുഴമ്പാക്കി, S.B.I ടെ കൊടുങ്കല്ലൂര്‍ n.r.e ബ്രാഞ്ചില്‍ നിന്നെടുത്ത ഡ്രാഫ്റ്റിന്റെ പിന്നില്‍ തേച്ചുപിടുപ്പിച്ച്, ശീമയിലുള്ള കത്രീനച്ചൂച്ചിമാര്‍ക്കു ചിരണ്ടിയെടുത്ത് മണക്കാനും, കറിക്കിടാനും, മേത്ത് തേച്ചു കുളിക്കാനും വേണ്ടി ഉരു കേറിവന്ന സായിവന്‍മാര്‍ അയച്ചു കൊടുത്തിരുന്നു.
ഇതറിഞ്ഞ മേല്‍റാണി, ഇംഗ്ലീഷില്‍ എന്തോ അലറുകയും, അറബിക്കടലില്‍ അലറിയടിച്ച കാറ്റില്‍ അതു കേട്ട സായിവന്‍മാര്‍ തിരിച്ച് പപ്പന്റെ കടയില്‍ പോയി തോക്കു തട്ടിപ്പറിച്ച് നാട്ടുരാശാവിന്റെ നാഭിക്കു കുത്തിപ്പിടിച്ചു സ്ഥലോം, പണ്ടാരത്തിന്റെ താക്കോലും അടിച്ചുമാറ്റുകയും, ഉച്ചക്കു കുടിച്ച റാക്കിന്റെ കെട്ടില്‍ “ഇനി താന്‍ കപ്പ തിന്നണമെങ്കി റാണിക്കു കപ്പം കൊടുക്കണം” എന്നൊക്കെ വിളിച്ചു പറയുകയും ചെയ്താരുന്ന്.
“സായിപ്പേ, ഞാന്‍ ഒരു വികാര ജീവിയാണ്” എന്നു ഉമ്മര്‍ സ്റ്റയിലില്‍ പറയുകയും “എടോ കോപ്പേ, കപ്പം തന്നാ, കപ്പ തരുമോ“ എന്നൊക്കെ സായിവിനോട് ചോദിക്കുകയും, ഇതൊന്നും പോരാഞ്ഞു, കപ്പ പറിക്കാനും കപ്പം പിരിക്കാനും മുണ്ടും മടക്കിക്കുത്തി, മാവേലെറിഞ്ഞും, പാടത്ത് ചീട്ടുകളിച്ചും, കുളിക്കടവില്‍ എത്തിനോക്കിയും, അമ്പലപ്പറമ്പില്‍ ഗുസ്തി പിടിച്ചും, കഷത്തിലെ രോമം പിരിച്ചും നടന്നിരുന്ന, പത്തും ഗുസ്തീം കഴിഞ്ഞ E.C.N.R ഇല്ലാത്ത, ദുഫായി പോയിട്ട്, തമിഴ്നാട്ടിലോട്ടു പോലും വിസ കിട്ടാത്ത കൊറെ ‘അവന്മാരെ’ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു നമ്മുടെ വഞ്ചിരാശന്‍.
അങ്ങനെ ഗ്രാമീണ തൊഴില്‍ദാന പദ്ധദിയിലൂടെ തെഴിലില്ലായ്മയില്‍ നിന്നും തൊഴിച്ചു പുറത്താക്കപ്പെട്ട ‘അവന്‍മാരെയെല്ലാം’ ഓരോ കവലക്കും, പാലത്തിലും, മുക്കിലും, ആശുപത്രിപ്പടിക്കലും എന്നു വേണ്ട, ഇന്നുകാലത്തുള്ള പിച്ചക്കാര്‍ ഇരിക്കുന്ന സര്‍വ ‘കളക്ഷന്‍ സ്പോട്ടിലും’ കൊണ്ടു പോയി, നാലു മുളകുത്തി മേഞ്ഞ ഓല കെട്ടി മറച്ച്, “ജ്ജ് ഇബട കുത്തി ഇരിക്കീന്‍, ഇമ്മ്ല് ഒന്നു പൊയിറ്റ് ബരാ” എന്നും, “ബെയിലു കൊണ്ടാ ജ്ജ് ബാടിപ്പോവൂലേ, ഇന്നാ ഇതിട്ടോ“ എന്നൊക്കെ ഇംഗ്ലീസ്സില്‍ പറഞ്ഞു പറ്റിച്ച് ഒരു ചട്ടിത്തൊപ്പിയും, നല്ല മിനുക്കിയ അഞ്ചു പിച്ചള ബട്ടന്‍സ് വെച്ചുണ്ടാക്കിയ കുപ്പായമെന്ന ഗുട്ടന്‍സും ഇടീച്ച് ഇരുത്തി സായിവു പിന്നേം പലചരക്കു തേച്ച ഡ്രാഫ്റ്റെടുത്ത് ശീമയിലുള്ള പല ‘ചരക്കുകള്‍ക്കും’ അയച്ചു കൊടുക്കാനും, ബാക്കികാശിനു റാക്കടിച്ചു ഡോഞ്ചായി, വഴീക്കാണുന്ന, ആനയടക്കമുള്ള സര്‍വ്വ ജീവജാലങ്ങളേയും പഞ്ചഗുസ്തിക്കു വെല്ലുവിളിക്കാനും പോയി.
അങ്ങനെ ഉള്ള ഒരു ഔട്ട് പോസ്റ്റില്‍ കിട്ടിയ പോസ്റ്റില്‍ ഞെളിഞ്ഞിരുന്ന് കുപ്പായഗൊണാണ്ടറിലെ മിന്നുന്ന ബട്ടന്‍സും തടവി ’നാന‘യോലയും വായിച്ച് പ്രാവിന്റെ കാലില്‍ sms കൊളുത്തി അയച്ചുകളിക്കുന്ന രണ്ടവന്മാരെക്കണ്ട മീന്‍കാരത്തി ദാക്ഷായണി, ഒരു കൈകൊണ്ട് തലയിലെ കൊട്ട അഡ്ജസ്റ്റു ചെയ്ത്, മറ്റെക്കൈകൊണ്ട് ചുണ്ടിലെ മുറുക്കാന്‍കറ തുടച്ച്, ഇടത്തേ തോളില്‍ നിന്നും വലത്തെ അരയിലെക്ക് ഉടുത്തിരുന്ന തോര്‍ത്തുമുണ്ട് അരയിലേക്കൊന്നിറുക്കിത്തിരുകി അവന്‍മാരെ രണ്ടിനേം പ്രപഞ്ചപുഛിഫിക്കേഷനോടെ ഒന്നു സ്കോപ്പിയിട്ടു
“മുട്ടിനു മുട്ടിനു മാടോം കെട്ടി, നെഞ്ചത്തഞ്ചാണീം തറച്ചിരിക്കണ്‍, മൈരങ്ങ“
എന്നൊരു ഡൈകോലും, കെ.പി.എ.സി ലളിത നാണിക്കുന്ന പോലത്തെ നീട്ടി ‘
പ്ഫ‘ എന്നൊരാട്ടും.
ഓ, പറയാന്‍ വിട്ടു. ഈ കഥക്കു യാതൊരു കഥയുമില്ല
മരപ്പട്ടിയുടെ അപ്പന്‍
മരപ്പട്ടി: ‘ഇച്ചാച്ചാ..അസ്സലാമു അലൈക്കും’
ഇച്ചാച്ചന്‍: അസ്സലാമും അലക്കും ഓന്റെ ബാപ്പേം അലക്കും. അയിനി ഞാന്‍ എന്തു വേണോടാ പുള്ളേ??
ഇതു മരപ്പട്ടിയുടെ ഇച്ചാച്ചന്‍. കുത്തിത്തിരിപ്പു വല്ലോം പാരമ്പര്യമായി കിട്ടിയിട്ടുണ്ടെങ്കില്‍ അതു ഈ സൈഡീന്നു തന്നെ. ആളു ഒരു കൊച്ചു വില്ലന്‍ . ഒരു തൊപ്പിയൊക്കെ വെച്ചു വലിയ ജാടക്കു സ്കൂട്ടറിനു ഇങ്ങനെ പാഞ്ഞു നടക്കും. ആ തൊപ്പിക്കു പിന്നില്‍ (താഴെ എന്നായിരിക്കും കൂടുതല്‍ ശരി) ഒരു കഥയുണ്ട്.
ഇച്ചാച്ചന്റെ തല നല്ല കഷണ്ടിയാണ്. നല്ല കഷണ്ടി എന്നു പറഞ്ഞാല്‍ മോളില്‍ ഫാന്‍ കറങ്ങുന്നതു താഴെ പുള്ളിക്കാരന്റെ തലേല്‍ കാണാം. ഇത്ര നല്ല കഷണ്ടി നാലാളു കാണട്ടെ എന്നു വച്ചു തൊപ്പിയൊന്നുമില്ലാതെ അങ്ങനെ ബജാജ് ചേതക്കില്‍ പാഞ്ഞു നടന്നിരുന്ന കാലം. ഒരു ദിവസം എറണാകുളം എം.ജി റോഡില്‍ ഒരു ചെറിയ ട്രാഫിക്ക് ബ്ലോക്കില്‍ ‘നോക്കടാ എന്റെ മിന്നുന്ന തല’ എന്ന മട്ടില്‍ ഇങ്ങനെ നിക്കുമ്പോഴുണ്ട് ഒരു കാക്ക. ഏതോ ഗാന്ധി പ്രതിമയുടെ ഓര്‍മ്മയില്‍ കാക്ക ഇച്ചാച്ചന്റെ തലയില്‍ വന്നു ഒരു എമര്‍ജെന്‍സി ലാന്‍ഡിങ്ങ്. കാക്ക വന്നിരുന്നതിന്റെ ഞെട്ടലില്‍ ബാലന്‍സ്സ് പോയ ഇച്ചാച്ചനും, ‘എന്നാ കൂടെ ഞാനും’ എന്ന മട്ടില്‍ സ്കൂട്ടറും താഴോട്ടും, ‘ഗാന്ധി‘ക്കു പെട്ടന്നു ജീവന്‍ വെച്ച ഞെട്ടലില്‍ കാക്ക മോളിലോട്ടും. ഇതു കണ്ടു നിന്ന നാട്ടുകാര്‍, ട്രാഫിക്ക് പോലീസ് ഉള്‍പ്പെടെ എല്ലാരും ആര്‍ത്തോരു ചിരിയും!
അതീ പിന്നെ.....