Sunday, January 29, 2006

ഒരു വഞ്ചി(ക്കഥയില്ലാ)ക്കഥ

വെട്ടിവീഴണ പാഴ്മരമെല്ലാം കൂട്ടിപ്പിടിപ്പിച്ചു, ഉരു പണിതു, നാട്ടിലുള്ള തടിമാടന്മാരെയെല്ലാം കൈയ്യില്‍ ഓരോ കൊടുവാളും തോക്കും കൊടുത്ത് കേറ്റിയിരുത്തി “യെബടേങ്കിലും പോയി അന്നാട്ടിലെ ആബ്രന്നോമാരേയെല്ലാം കൊന്ന് ഈ കൊടി അബട കുത്ത്” എന്നും പറഞ്ഞ് പണ്ടു ശീമേലിരുന്നൊരു മഹാറാണി ലോകം ഭരിച്ച കാലമുണ്ടായിരുന്നു.

മേല്‍ റാണിയുടെ കീഴ് പടയാളികള്‍ കയറിയ ഒരു ഉരു കാറ്റടിച്ചെന്തോ വള്ളുവനാട്, വഞ്ചിനാട്, ശംഖുനാട് എന്നീനാടുകളില്‍ നടുക്കുള്ള ‘ആ വിട്ട് പിടി, ഞങ്ങ തന്നെയാണ്‍ മര്യാതക്ക് മലയാളം പറയണ’ എന്നു പറഞ്ഞഭിമാനിച്ചിരുന്ന, കൊച്ചീക്കാര്‍ തിങ്ങിപ്പര്‍ക്കുന്ന വഞ്ചിനാട്ടില്‍ വന്നു ചേര്‍ന്നു. ട്രാന്‍സിറ്റെന്നും പറഞ്ഞു വന്ന് റെസിഡെന്‍സി അടിച്ചു മേടിച്ച അവര്‍ക്കാകെ ഒരു സഭാകമ്പനം. ശീമയിലെ അസ്ഥിക്കു കുത്തുന്ന തണുപ്പിനും മഴക്കും പകരം, ഇവിടെ ഉച്ചി കത്തിക്കുന്ന നല്ല വെയിലും പിടുക്കുരുകുന്ന ചൂടും, കടലാസിനു പകരം ഇടംക്കൈ, കാല്‍ക്കുഴലിനു പകരം ഒറ്റപ്പീസ്. ഇതൊന്നും പോരാഞ്ഞു ഞായറാഴ്ച്ചക്കുര്‍ബാന കാണാന്‍ ഇറങ്ങിത്തിരിച്ച ഒരു സായിവന്‍ വഴിതെറ്റി പള്ളിയാണെന്നു കരുതി കാളി ക്ഷേത്രത്തില്‍ ചെന്നു കയറിയതും (ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വ്രദ്ധനെപ്പോലെ തന്നെ), കാളിയെക്കണ്ട് “എന്റെടീ കത്രീനാമ്മേ, ഇവിടത്തെ വ്യാകുല മാതാവിന്റെ പള്ളീലെ മാതാവിനു നാലു കൈയ്യാണെടിയേ, പൊരാത്തതിനു മുറുക്കിചൊവന്നോരു നാക്കും” എന്നും മറ്റും തിരിച്ചു ശീമയിലുള്ള ടിയാന്റെ കെട്ടിയ ചൂച്ചിക്കു കത്രീനച്ചൂച്ചി@താളിയോല.കോപ്പി-ലേക്കു മറുമെയിലയച്ചതും പഴങ്കഥ.

എല്ലാ മാസോം പപ്പന്റെ പലചരക്കുകടേല്‍ കോണ്ടുപോയ് തോക്കു പണയം വെച്ച് ഇഞ്ചി, ഗ്രാമ്പൂ, തക്കോലം, കറുവാപട്ട, കുരുമുളക് ഇത്യാദി പല ചരക്കുകള്‍ മേടിച്ച്, വെള്ളം ചേര്‍ത്തരച്ച് കുഴമ്പാക്കി, S.B.I ടെ കൊടുങ്കല്ലൂര്‍ n.r.e ബ്രാഞ്ചില്‍ നിന്നെടുത്ത ഡ്രാഫ്റ്റിന്റെ പിന്നില്‍ തേച്ചുപിടുപ്പിച്ച്, ശീമയിലുള്ള കത്രീനച്ചൂച്ചിമാര്‍ക്കു ചിരണ്ടിയെടുത്ത് മണക്കാനും, കറിക്കിടാനും, മേത്ത് തേച്ചു കുളിക്കാനും വേണ്ടി ഉരു കേറിവന്ന സായിവന്‍‌മാര്‍ അയച്ചു കൊടുത്തിരുന്നു.

ഇതറിഞ്ഞ മേല്‍‌റാണി, ഇംഗ്ലീഷില്‍ എന്തോ അലറുകയും, അറബിക്കടലില്‍ അലറിയടിച്ച കാറ്റില്‍ അതു കേട്ട സായിവന്‍‌മാര്‍ തിരിച്ച് പപ്പന്റെ കടയില്‍ പോയി തോക്കു തട്ടിപ്പറിച്ച് നാട്ടുരാശാവിന്റെ നാഭിക്കു കുത്തിപ്പിടിച്ചു സ്ഥലോം, പണ്ടാരത്തിന്റെ താക്കോലും അടിച്ചുമാറ്റുകയും, ഉച്ചക്കു കുടിച്ച റാക്കിന്റെ കെട്ടില്‍ “ഇനി താന്‍ കപ്പ തിന്നണമെങ്കി റാണിക്കു കപ്പം കൊടുക്കണം” എന്നൊക്കെ വിളിച്ചു പറയുകയും ചെയ്താരുന്ന്.

“സായിപ്പേ, ഞാന്‍ ഒരു വികാര ജീവിയാണ്” എന്നു ഉമ്മര്‍ സ്റ്റയിലില്‍ പറയുകയും “എടോ കോപ്പേ, കപ്പം തന്നാ, കപ്പ തരുമോ“ എന്നൊക്കെ സായിവിനോട് ചോദിക്കുകയും, ഇതൊന്നും പോരാഞ്ഞു, കപ്പ പറിക്കാനും കപ്പം പിരിക്കാനും മുണ്ടും മടക്കിക്കുത്തി, മാവേലെറിഞ്ഞും, പാടത്ത് ചീട്ടുകളിച്ചും, കുളിക്കടവില്‍ എത്തിനോക്കിയും, അമ്പലപ്പറമ്പില്‍ ഗുസ്തി പിടിച്ചും, കഷത്തിലെ രോമം പിരിച്ചും നടന്നിരുന്ന, പത്തും ഗുസ്തീം കഴിഞ്ഞ E.C.N.R ഇല്ലാത്ത, ദുഫായി പോയിട്ട്, തമിഴ്നാട്ടിലോട്ടു പോലും വിസ കിട്ടാത്ത കൊറെ ‘അവന്മാരെ’ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു നമ്മുടെ വഞ്ചിരാശന്‍.

അങ്ങനെ ഗ്രാമീണ തൊഴില്‍‌ദാന പദ്ധദിയിലൂടെ തെഴിലില്ലായ്മയില്‍ നിന്നും തൊഴിച്ചു പുറത്താക്കപ്പെട്ട ‘അവന്‍‌മാരെയെല്ലാം’ ഓരോ കവലക്കും, പാലത്തിലും, മുക്കിലും, ആശുപത്രിപ്പടിക്കലും എന്നു വേണ്ട, ഇന്നുകാലത്തുള്ള പിച്ചക്കാര്‍ ഇരിക്കുന്ന സര്‍വ ‘കളക്ഷന്‍ സ്പോട്ടിലും’ കൊണ്ടു പോയി, നാലു മുളകുത്തി മേഞ്ഞ ഓല കെട്ടി മറച്ച്, “ജ്ജ് ഇബട കുത്തി ഇരിക്കീന്‍, ഇമ്മ്ല് ഒന്നു പൊയിറ്റ് ബരാ” എന്നും, “ബെയിലു കൊണ്ടാ ജ്ജ് ബാടിപ്പോവൂലേ, ഇന്നാ ഇതിട്ടോ“ എന്നൊക്കെ ഇംഗ്ലീസ്സില്‍ പറഞ്ഞു പറ്റിച്ച് ഒരു ചട്ടിത്തൊപ്പിയും, നല്ല മിനുക്കിയ അഞ്ചു പിച്ചള ബട്ടന്‍‌സ് വെച്ചുണ്ടാക്കിയ കുപ്പായമെന്ന ഗുട്ടന്‍സും ഇടീച്ച് ഇരുത്തി സായിവു പിന്നേം പലചരക്കു തേച്ച ഡ്രാഫ്റ്റെടുത്ത് ശീമയിലുള്ള പല ‘ചരക്കുകള്‍ക്കും’ അയച്ചു കൊടുക്കാനും, ബാക്കികാശിനു റാക്കടിച്ചു ഡോഞ്ചായി, വഴീക്കാണുന്ന, ആനയടക്കമുള്ള സര്‍വ്വ ജീവജാലങ്ങളേയും പഞ്ചഗുസ്തിക്കു വെല്ലുവിളിക്കാനും പോയി.

അങ്ങനെ ഉള്ള ഒരു ഔട്ട് പോസ്റ്റില്‍ കിട്ടിയ പോസ്റ്റില്‍ ഞെളിഞ്ഞിരുന്ന് കുപ്പായഗൊണാണ്ടറിലെ മിന്നുന്ന ബട്ടന്‍സും തടവി ’നാന‘യോലയും വായിച്ച് പ്രാവിന്റെ കാലില്‍ sms കൊളുത്തി അയച്ചുകളിക്കുന്ന രണ്ടവന്മാരെക്കണ്ട മീന്‍‌കാരത്തി ദാക്ഷായണി, ഒരു കൈകൊണ്ട് തലയിലെ കൊട്ട അഡ്ജസ്റ്റു ചെയ്ത്, മറ്റെക്കൈകൊണ്ട് ചുണ്ടിലെ മുറുക്കാന്‍‌കറ തുടച്ച്, ഇടത്തേ തോളില്‍ നിന്നും വലത്തെ അരയിലെക്ക് ഉടുത്തിരുന്ന തോര്‍ത്തുമുണ്ട് അരയിലേക്കൊന്നിറുക്കിത്തിരുകി അവന്‍‌മാരെ രണ്ടിനേം പ്രപഞ്ചപുഛിഫിക്കേഷനോടെ ഒന്നു സ്കോപ്പിയിട്ടു
“മുട്ടിനു മുട്ടിനു മാടോം കെട്ടി, നെഞ്ചത്തഞ്ചാണീം തറച്ചിരിക്കണ്‍, മൈരങ്ങ“
എന്നൊരു ഡൈകോലും, കെ.പി.എ.സി ലളിത നാണിക്കുന്ന പോലത്തെ നീട്ടി ‘പ്ഫ‘ എന്നൊരാട്ടും.

ഓ, പറയാന്‍ വിട്ടു. ഈ കഥക്കു യാതൊരു കഥയുമില്ല

8 Comments:

At 4:04 p.m., January 29, 2006, Blogger ശനിയന്‍ \OvO/ Shaniyan said...

എന്തരോ, മഹാനു ഭാവുലു... അവസാനത്തെ വാചകമാണ്‌ പ്രപഞ്ച സത്യം. തോന്ന്യവാസിയുടെ ചരിത്രത്തിന്റെ കാഴ്ച്ചപ്പാടാണോ സുഹ്രുത്തെ?

 
At 5:20 p.m., January 29, 2006, Blogger സ്വാര്‍ത്ഥന്‍ said...

“ട്രാന്‍സിറ്റെന്നും പറഞ്ഞു വന്ന് റെസിഡെന്‍സി അടിച്ചു മേടിച്ച...”
ശൈലി ഇഷ്ടമായി തോമാ

 
At 7:02 p.m., January 29, 2006, Blogger സു | Su said...

{മലയാളി, മറുനാടന്‍, പകല്‍മാന്യന്‍, അഹങ്കാരി, തീറ്റപ്രാന്തന്‍, അലവലാതി, അപ്പന്റെ മരപ്പട്ടി, . അവന്റെ പുലംബല്‍}

ഇത്രേം വിശേഷണങ്ങളുള്ള ഒരാളുടെ ബ്ലോഗില്‍ എത്തിയതില്‍ സന്തോഷിക്കുന്നു.


സ്വാഗതം ബ്ലോഗുലകത്തിലേക്ക്.

 
At 12:01 a.m., January 30, 2006, Blogger viswaprabha വിശ്വപ്രഭ said...

മരപ്പട്ടീ! മരപ്പട്ടീ! മരപ്പട്ടീ! (ഹാവൂ... ഇപ്പോ എന്തു സുഖം!)

*** *** ***

ബൂലോഗോലകത്തിന്റെ ആകാശത്ത് പ്രകാശോജ്ജ്വലമായി ഉദിച്ചുയരുന്ന പുതിയ താരകമേ! സ്വാഗതം!

 
At 12:52 a.m., January 30, 2006, Blogger മര്‍ത്ത്യന്‍ said...

കഥക്ക്‌ കഥയില്ലെങ്കിലും വായിച്ചപ്പൊള്‍ കാഥികന്ന് കഥയുണ്ടെന്ന് മനസിലായി.

 
At 3:42 a.m., January 30, 2006, Blogger Visala Manaskan said...

ബ്ലോഗിന്‌ പേര്‌ മരപ്പട്ടീന്നോ കോക്കാനെന്നോ എന്തായാലും ഇങ്ങേര്‌ ആളൊരു ജഗജില്ലി തന്നെ.

ഓ! യെന്തിറ്റാ നമ്പ്രോള്‌ ഷ്ടോ. രസായിട്ടുണ്ട്‌.

 
At 12:17 p.m., January 30, 2006, Blogger അരവിന്ദ് :: aravind said...

ജീവിതത്തില്‍‌ ആദ്യമായി ബഹുമാനത്തോടെ മരപ്പട്ടീ എന്ന് വിളിക്കട്ടെ.

നല്ല ഒന്നാന്തരന്‍ ബ്ലോഗ്. അധികം അനുമോദിക്കുന്നില്ല..അപ്പറത്ത് വിശാലനെ പൊക്കി ഓവറാക്കിയതിന്റെ ക്ഷീണം ഇപ്പളും പോയിട്ടില്ല.

ജ്ജ് ഇംഗീഷില്‍ കമന്റിയതിന്റെ മറ്വോടി അയിക്കാം.അതിനിനി ഡിക്ഷനറി തപ്പണം. വെയിറ്റ് പ്ലീസ്. (ഒരു “ഇംഗ്ലീഷ് പാര“ അങ്ങോട്ട് അനില്‍ വഴി പാഴ്സല്‍ അയച്ചിട്ടുണ്ടേ..ജാഗ്രത.)

 
At 5:38 a.m., February 01, 2006, Blogger reshma said...

ഒരു കുത്തും കോമായുമ്മില്ലാതെ ഒരോ വരിയും ഒരു പാരഗ്രാഫഇൽ നിറഞ്ഞുകവിഞ്ഞു കഥയില്ലാ കഥ അങ്ങ് പെയ്തിറങ്ങി.
നന്നായിട്ടുണ്ട്.

 

Post a Comment

<< Home