Friday, January 20, 2006

എന്റെ പുണ്യാളച്ചോ....

എറണാകുളത്തു നിന്നും കളമശ്ശേരി ഭാഗത്തേക്കു പോകുംബോള്‍ കലൂരും ഇടപ്പള്ളിയിലും രണ്ടു പള്ളികളുണ്ട്. കലൂരുള്ളത് സെബസ്ത്യാനോസ് പുണ്യാളന്റേയും, ഇടപ്പള്ളിയില്‍ ഉള്ളതു ഗീവര്‍ഗ്ഗിസ് പുണ്യാളന്റേയും. ഭക്തരുടെ എണ്ണത്തില്‍ രണ്ടു പേരും അത്ര മോശമല്ല.

കല്യാണ പ്രായമായ പെണ്‍കുട്ടികള്‍ നല്ല ഒരു ഭര്‍ത്താവിനെ കിട്ടാനും, ജോലിയില്ലാത്ത യുവാക്കന്മാര്‍ ജോലികിട്ടാനും, ജോലിയുള്ള യുവാക്കന്മാര്‍ മേല്‍പ്പറഞ്ഞ പോലത്തെ ‘ദൈവഭയമുള്ള, വെളുത്ത, നല്ല റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ പിറന്ന“ പെണ്‍കുട്ടികളെ കിട്ടാനും, ഭാര്യമാര്‍ ഭര്‍ത്താവിന്റെ കുടി മാറാനും, വല്യമ്മമാരും വല്യപ്പന്മാരും ‘പെടുമരണത്തില്‍ നിന്നും’ രക്ഷ നേടാനും ആയി ‘റെക്കമെന്‍റ്റേഷ‘നുമായി വരുന്ന സ്ത്ഥലങ്ങളാണു ഇത് രണ്ടും. കൂട്ടത്തില്‍ ‘കളക്ഷന്‍’ എടുക്കാന്‍ വരുന്ന കോളേജ് കുമാരന്മാരും വിരളമല്ല.

മേലാസകലം അംബുകളുമായി ഒരു ശീല മാത്രം വസ്ത്രമായ് ഉടുത്ത്, ഒരു മരത്തില്‍ ബന്ധനസ്ത്ഥനായി നില്‍ക്കുന്നതാണു സെബസ്ത്യാനോസിന്റെ സ്ത്ഥിരം ‘പോസ്’. ഗീവര്‍ഗ്ഗീസ്സ് ആള്‍ സ്വല്‍പ്പം കൂടി വീരനാണ്. റോമന്‍ പട്ടാള വേഷമൊക്കെയിട്ട്, ഒരു വെള്ളക്കുതിരയുടെ പുറത്ത് ഗ്ലാമറില്‍ ഞെളിഞ്ഞിരുന്ന് നിലത്തു കിടക്കുന്ന ഒരു വ്യാളിയെ ,“നോക്കടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന വ്യാളിയേ നീയങ്ങു മറിക്കെടാ ശ്ശടാ” എന്ന മട്ടില്‍ കുന്തം കൊണ്ടു കുത്തി കൊല്ലുന്നതാണു ‘ഗീവൂസ്സി‘ന്റെ സ്ത്ഥിരം പോസ്സ്.

എല്ലാ ചൊവ്വഴ്ച്ചയും വ്യാഴാഴ്ച്ചയും ഈ രണ്ടു സ്ത്ഥലങ്ങളിലും മുടങ്ങാതെ പോവുകയും, ഓരോ റൌണ്ടു മെഴുകുതിരി കത്തിക്കുകയും, നൊവേനയില്‍ ഭക്ത്യാദരപൂര്‍വം പങ്കുകൊള്ളുകയും ചെയ്യുന്ന ഒരു സ്ത്ഥിരം കക്ഷിയാണു നമ്മുടെ നായിക ‘ഏലിച്ചേടത്തി’. രണ്ടു പള്ളികളിലും പോകുമെങ്കിലും, ഇടപ്പള്ളിക്കാരത്തിയായ ഏലിച്ചേടത്തിക്കു ഗീവര്‍ഗ്ഗീസ്സിനോടാണു കൂടുതല്‍ ഭക്തി. അതുകൊണ്ടു തന്നെ മെഴുകുതിരി കത്തിക്കുംബോഴും, നേര്‍ച്ചയിടുംബോഴും, ഒരു മെഴുകുതിരിയും, അന്‍പതു പൈസയും ഗീവര്‍ഗ്ഗീസ്സിനു പുള്ളിക്കാരത്തി കൂടുതല്‍ കൊടുക്കും.

അങ്ങനെ പ്രാര്‍ത്ഥിച്ചും പെരുന്നാളുകൂടിയും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഗീവര്‍ഗ്ഗീസ്സിന്റെ ഭക്തഗണത്തില്‍ ഒരു ചെറിയ ഇടിവ്. അതിന്റെ നേര്‍ഫലമെന്നപോലെ നേര്‍ച്ചപ്പെട്ടിയിലെ വരവിനും ഒരു ചെറിയ കുറവ്.

ഒരു ദിവസം, സെബസ്ത്യാനോസ്സിന്റെ നൊവേനയും കൂടി, തിരിച്ചു വീട്ടിലേക്കു പോരാന്‍ ബസ്സില്‍ കയറിയപ്പോഴാണു ഏലിച്ചേടത്തിക്കു സംഗതി പിടി കിട്ടിയത്. ഇതു ഒരു ചെറിയ ‘മോഡലിംഗ്’ പ്രശ്നമാണെന്നു ചേടത്തിക്കു മനസ്സിലായി. ഇഷ്ടപുണ്യാളന്റെ പോസിനു പൊടിശകലം ഗമ കൂടുതല്ലല്ലേ എന്നൊരു ‘തമചയം’. ഇടപ്പള്ളിയില്‍ ബസ്സിറങ്ങി നേരേ പുള്ളിക്കാരത്തി പള്ളിയിലോട്ട് ചെന്നു രൂപത്തിന്റെ മുപില്‍ നിന്നു സുരേഷ് ഗോപി സ്റ്റയിലില്‍ ഒരു താങ്ങു

“ഇവിടെ കണ്ട കഴുതേട പൊറത്തിരുന്നു വല്ല പാംബിന്റേം വായില്‍ കോലിട്ടിളക്കിക്കളിച്ചോണ്ടിരുന്നോ...അവിടെ കലൂരു പള്ളിയില്‍ ഒരുത്തന്‍ തോര്‍ത്ത് മുണ്ടും ഉടുത്തോണ്ട് മരത്തുമ്മെചാരി നിന്നു കാശു വാരണ കണ്ടാ കണ്ണ് തള്ളിപ്പോകും”

വികാരിയച്ചന്‍ ഇതു കേള്‍ക്കാഞ്ഞതു ഭാഗ്യം.

4 Comments:

At 3:38 a.m., January 21, 2006, Blogger Visala Manaskan said...

എനിക്കു വയ്യ. എന്തിറ്റാ ഡയലോഗ്‌ എന്റെ പോന്നൂ..!! അലക്കിപ്പൊളിച്ചൂ. :):)


“ഇവിടെ കണ്ട കഴുതേട പൊറത്തിരുന്നു വല്ല പാംബിന്റേം വായില്‍ കോലിട്ടിളക്കിക്കളിച്ചോണ്ടിരുന്നോ...അവിടെ കലൂരു പള്ളിയില്‍ ഒരുത്തന്‍ തോര്‍ത്ത് മുണ്ടും ഉടുത്തോണ്ട് മരത്തുമ്മെചാരി നിന്നു കാശു വാരണ കണ്ടാ കണ്ണ് തള്ളിപ്പോകും”

 
At 4:59 a.m., January 27, 2006, Blogger സ്വാര്‍ത്ഥന്‍ said...

തോമാ, കലൂര് അന്തോണീസുപുണ്യാളനും ഉണ്ടല്ലോ, അങ്ങേരുടെ കളക്ഷന്‍ ...?

 
At 2:49 p.m., January 28, 2006, Blogger ശനിയന്‍ \OvO/ Shaniyan said...

ഞാന്‍ ഇടപ്പള്ളിയില്‍ ഉണ്ടായിരുന്ന കാലത്ത്‌, കലൂരിലെ പള്ളിയിലെ തിരക്കു കാരണം സിനിമക്കു പോക്കു സെക്കന്റ്‌ ഷോയ്ക്കു മാറ്റി വെക്കാറുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാന്‍ ഇടി കൊള്ളാന്‍ വയ്യാത്തതുകൊണ്ടും, ചിലര്‍ സ്ഥിരമായി അവിടെ വരവു വെച്ച്‌ "പരീക്ഷയില്‍ എനിക്കു 80% നു മീതെ കിട്ടണേ, അവനു രണ്ടു സപ്ലി അടിക്കണേ" എന്നു (മെഴുകുതിരി കൈക്കൂലി അടക്കം) പ്രാര്‍ത്ഥിക്കാന്‍ പോവുന്നതു കൊണ്ടും, ബാക്കി ചിലര്‍ 'കളക്ഷന്‍' എടുക്കാന്‍ പോവുന്നതു കൊണ്ടും.. ഇടപ്പള്ളി പള്ളിയിലേക്കു സാധാരണ നാട്ടുകാര്‍ കോഴിപ്പെരുന്നാളു ദിവസം മാത്രം മുടങ്ങാതെ കേറും..

 
At 12:02 p.m., February 08, 2006, Blogger സൂഫി said...

മിശിഹായേ...
ഞാനിതിപ്പഴാ കണ്ടത് .
മരപ്പട്ടിയേ.. കൂവേയ്... ഇതെന്നാത്തിന്റെ കേടാ...
എനിക്കു ചിരിക്കാതിരിക്കാ‍ൻ മേലേയ്...

 

Post a Comment

<< Home