Wednesday, February 15, 2006

മൂന്നു മാസത്തിനു ശേഷം..

രാവിലെ അവന്‍ ഉറക്കമുണര്‍ന്നത് കിടക്കയുടെ അരികിലിരുന്നു ചിരിക്കുന്ന അവളെക്കണ്ടുകൊണ്ടാണ്. മൂന്നു മാസം കഴിഞ്ഞതേയുള്ളുവെങ്കിലും അവളുടെ ചിരിക്കു ഇതുവരെ തെല്ലൊരു മങ്ങല്‍ പോലുമില്ല. അവന്‍ അവളുടെ കവിളുകളില്‍ മെല്ലെ തലോടി. ഇന്നലെ രാത്രി വീട്ടില്‍ വന്നപ്പോള്‍ എത്ര മണിയായെന്നു പോലും ഓര്‍മ്മയില്ല. അവള്‍ ഇതെല്ലാം അറിയുന്നുണ്ടാകും. അവള്‍ ഒന്ന് ശകാരിച്ചിരുന്നെങ്കില്‍ എന്നയാള്‍ ഓര്‍ത്തു.

കുളിച്ചു വസ്ത്രം മാറി, കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ മേശക്കപ്പുറമിരുന്നു കൈയ്യില്‍ ഒരു പുസ്തകവുമായി അവള്‍ കുസ്രുതിയോടെ മറ്റൊരു ചിരി അവനു സമ്മാനിച്ചു. എന്തോ മറക്കുന്നുവോ?? കാപ്പി കുടിച്ചുകഴിഞ്ഞു അയാള്‍ ചെന്നു അവളുടെ ചുണ്ടുകളെ മെല്ലെ ചുംബിച്ചു.

റ്റി.വി-യുടെ മുകളില്‍ നിന്നും താക്കോല്‍ എടുക്കാന്‍ ചെന്നപ്പോള്‍ അവന്‍ അവളെ ഒന്നു കൂടി നോക്കി. അവള്‍ മുറ്റത്തെ പൂക്കള്‍ നനച്ചുകൊണ്ട് നില്‍ക്കുന്നു . “നിന്റെ പകുതി ഭാഗ്യം എനിക്കുണ്ടായിരുന്നെങ്കില്‍...രശ്മിയെ നിനക്കു കിട്ടിയത് എന്തോ പുണ്യമാ” എന്ന് അര്‍ജ്ജുന്‍ പറഞ്ഞതു അവന്‍ ഓര്‍ത്തു.

ഓഫീസ്സില്‍ ചെന്നപ്പോള്‍ ജയന്തി ഒരു മഞ്ഞ റോസാപ്പൂ അവനു കൊടുത്തിട്ടു പറഞ്ഞു “ഹാപ്പീ വാലെന്റൈന്‍സ്സ് ഡേ”. “ഇന്നു വൈകുന്നേരം എല്ലാവരും സിനിമക്കും ഡിന്നറിനു പോകുന്നുണ്ട്, അജെയ് വരുന്നോ?”. ആശംസയും ചോദ്യവും ഒരുമിച്ചു. “താന്‍‌ക് യൌ..ഇല്ല ജയന്തി..നിങ്ങള്‍ പോയ്ക്കോളൂ, എന്‍‌ജോയ് യോര്‍സെല്വ്സ്സ്“ അവന്‍ പറഞ്ഞോഴിഞ്ഞു.

അപ്പോഴാണു അവന്‍ അതോറ്ത്തതു. ഛെ...മിനിഞ്ഞാന്നു പോലും ഓര്‍ത്തിട്ടു ഇന്നതെല്ലാം മറന്നു. മൂന്നു മാസമേ ആയുള്ളെങ്കിലും താന്‍ പതുക്കെ അയയുവാന്‍ തുടങ്ങി എന്നവനു സ്വയം തോന്നി. അതും നല്ലതു തന്നെ. അല്ലെങ്കിലും എത്രനാള്‍? പിന്നെ ദിവസം എങ്ങിനെയെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നായി അവന്. സ്വരൂപും, അന്‍‌വറും, സൌമ്യയും വന്നു വീണ്ടും ഡിന്നറിനു ക്ഷണിച്ചെങ്കിലും അവന്‍ വീണ്ടും ഒഴിഞ്ഞു മാറി. ജി.എം-ഉം കൂടി അവരുടെ കൂടി പോകുന്നതു കൊണ്ടു നെരത്തെ ജോലി തീര്‍ന്നു.

എത്രയും പെട്ടന്നു വീട്ടില്‍ എത്തിയാല്‍ മതിയെന്നായി അവനു. പോകും വഴി പൂക്കടയില്‍ നിറുത്തി. “എല്ലാം രാവിലെ കോളെജ്ജ് പിള്ളേര്‍ വന്നു കൊണ്ടുപോയി സാറേ, ഇനി ഇത്രയുമെയുള്ളൂ”. പൂക്കളെല്ലാം ചെറുതായി വാടാന്‍ തുടങ്ങിയെങ്കിലും അതില്‍ നിന്നും ഡച്ച് റോസ്സുകള്‍ നല്ല ആറെണ്ണം നോക്കി അവന്‍ എടുത്തു.

വീട്ടില്‍ ചെന്നു താക്കോല്‍ വീണ്ടും റ്റി.വി-ക്കു മുകളില്‍ അവന്‍ വച്ചു. കയ്യിലെ പൊതിയില്‍ നിന്നും രണ്ട് പൂ വീതം എടുത്ത് അവള്‍ ചെടികള്‍ നനക്കുന്നതിന്റെയും, പുസ്തകം വായികുന്നതിന്റെയും, കിടക്കക്കരികിലേയും ചിത്രങ്ങള്‍ക്കു മുന്നില്‍ കൊണ്ടുപോയിവച്ചു. മൂന്നുമാസം മുന്‍പു തന്നെ ഈ ലോകത്തില്‍ ഒറ്റക്കാക്കി പോയ അവളെയോര്‍ത്തു അവന്റെ മനസ്സു വിങ്ങിക്കരഞ്ഞു.

23 Comments:

At 7:18 p.m., February 15, 2006, Blogger ഉമേഷ്::Umesh said...

നല്ല കഥ, മരപ്പട്ട്യേ. അതുല്യയുടെ ഒരു പേട്ടെന്നെഴുതിത്തീര്‍ത്ത കഥ വായിക്കുന്ന സുഖം. പ്രത്യേകിച്ചു ക്ലൈമാക്സില്‍.

- ഉമേഷ്‌

 
At 8:04 p.m., February 15, 2006, Blogger സ്വാര്‍ത്ഥന്‍ said...

പതിവില്‍ നിന്നും വ്യാത്യസ്ഥമയ ഈ കഥ നന്നായിട്ടുണ്ട്.
adeign@gmail.com ല്‍ ഒരു ഈമെയില്‍ ചെയ്താല്‍ ‘കളരി‘ വക ചില ഫൈന്‍ ട്യൂണിംഗ് ടിപ്സ് അയച്ച് തരാം.

 
At 4:04 a.m., February 16, 2006, Blogger സൂഫി said...

ടോമിനു,
കഥ ലളിത സുന്ദരം. പക്ഷെ താങ്കളുടെ മുന്‍‌കാല എഴുത്തു ശൈലിയോടാണു എനിക്കു താല്പര്യം.
എഴുത്തില്‍ ആശയത്തേക്കാള്‍ പ്രാധാന്യം ആവിഷ്കാരത്തിനാണു എന്നാണെന്റെ വിനീതാഭിപ്രായം.

ഡെയ്ന്‍, ടിപ്സുകള്‍ മാത്രമേയുള്ളോ… താങ്കളുടെ കഥകളൊന്നും ഇതു വരെ വായിക്കാന്‍ സാധിച്ചിട്ടില്ല. അതും കൂടെ ഒരു ബ്ലോഗ്ഗിലേക്കു ആവാഹിക്കൂ…

 
At 5:29 a.m., February 16, 2006, Blogger അരവിന്ദ് :: aravind said...

വ്വൌ! മനോഹരം..ക്ലൈമാക്സ് ഗംഭീരം. തമാശ മാത്രമല്ല വഴങ്ങുക എന്നു കോബ്ര നിസ്സാരമായി തെളിയിച്ചിരിക്കുന്നു.

 
At 6:40 a.m., February 16, 2006, Blogger Adithyan said...

ചങ്ങാതീ,
കഥ നന്നായി...

 
At 6:40 a.m., February 16, 2006, Blogger Kalesh Kumar said...

കൊള്ളാം!
നന്നായിരിക്കുന്നു!

 
At 6:43 a.m., February 16, 2006, Blogger Adithyan said...

ചങ്ങാതീ,
കഥ നന്നായി...

 
At 8:11 a.m., February 16, 2006, Blogger Unknown said...

Nice yaar.. very nice.. especially the climax.. really touching one.

 
At 10:37 a.m., February 16, 2006, Blogger വര്‍ണ്ണമേഘങ്ങള്‍ said...

കൊള്ളാം ഉള്ളിൽ തട്ടുന്ന കഥ..!

 
At 7:44 p.m., February 16, 2006, Blogger Thomas said...

ഉമേഷ് - നന്ദി. പെട്ടന്നെഴുതിയ കഥകള്‍ ഞാന്‍ ഇപ്പോഴാണു വായിച്ചത്. കുറേ നാളായി ഒരു twist ഉള്ള കഥ എഴുതണം എന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട്.

Deign - താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനും സമയത്തിനും നന്ദി.

സൂഫി - മിനിഞ്ഞാ‍ന്നടിച്ച കള്ളാണേ സത്യം, ഇനി മുതല്‍ പഴയ സ്റ്റയിലില്‍ എഴുതിക്കോളാം.

അരവിന്ദോ - തമാശ, നിരാശ, വഞ്ചിപ്പാട്ട്, ഭരണിപ്പാട്ട്, ഡോക്യുമെന്ററി, സ്റ്റീരിയല്‍ ഇതൊക്കെ തനിക്കും എഴുതാമെടോ.

ആദിത്യന്‍, കലേഷ്, ഡ്രിസ്സില്‍, വര്‍ണ്ണൂസ്സ് - കൂടടച്ച് നന്ദി, കൂപ്പുക്കൈ etc.

രണ്ടാളൂടി വന്നിരുന്നെങ്കില്‍ എന്റെ ബ്ലോഗ്ഗ് വായിക്കാന്‍ ഒരു പത്താളുണ്ടെന്ന് അഹങ്കരിക്കാമായിരുന്നു.

ആ “കുണ്ടുക്കിഴിയില്‍ തവളക്കുഞ്ഞിനു....” അല്ലേ?

 
At 9:24 p.m., February 16, 2006, Blogger viswaprabha വിശ്വപ്രഭ said...

മൂര്‍ഖന്‍ പാമ്പേ, മരപ്പട്ടീ,

കമന്റെഴുതുന്നവര്‍ മാത്രമേ വായിക്കുന്നുള്ളൂ എന്നൊരിക്കലും ചിന്തിക്കയേ അരുത്!

വേറെ എത്രയോ ആളുകള്‍ ഇതടക്കം മിക്കവാറും എല്ലാ ബ്ലോഗുകളും വായിച്ച് അവയുടെയൊന്നും നിലവാരം സ്വന്തം കമന്റുകൊണ്ട് കുറച്ചുകളയണ്ട എന്നു കരുതി ഒന്നും മിണ്ടാതെ, അനങ്ങാതെ, എഴുതാതെ തിരിച്ചുപോകുന്നുണ്ട്.


തവളക്കുഞ്ഞേ,
ധൈര്യമായി അഹങ്കരിച്ചോളൂ, പത്തല്ല, ഒരു പട്ടാളം തന്നെ ഈ ബ്ലോഗു ദര്‍ശിച്ചു തൊഴുതുപോകുന്നുണ്ട്!

 
At 9:51 p.m., February 16, 2006, Blogger സിദ്ധാര്‍ത്ഥന്‍ said...

ഇതു്‌ വിശ്വപ്രഭ പറഞ്ഞതു്‌ ശരിയാണെന്നു പറയാനെഴുതുന്നതാണുമരപ്പട്ടീ. കമണ്റ്റടിക്കാതെയും വായിച്ചു പോകുന്ന ഇഷ്ടം പോലെ പേരുണ്ടു്‌ കേട്ടോ. എന്തെങ്കിലും പറയാനുണ്ടെങ്കിലല്ലാതെ കൊള്ളാം എന്നെഴുതിപ്പോകാന്‍ മനസ്സില്ലാത്തതു കൊണ്ടുചിലരെഴുതുന്നില്ലെന്നതേ ഉള്ളൂ. ബ്ളോഗ്ഗിലാണെങ്കില്‍ ഇപ്പൊ ധാരാളം ക്രീഡകളായി. വായിച്ചെത്താന്‍ തന്നെ പാടു്‌, സമയക്കുറവു്‌. അങ്ങനേയും ചിലരുണ്ടു്‌. വിശ്വം പറഞ്ഞ പോലെ, ഈ വക ബ്ളോഗ്ഗില്‍ നമ്മളെന്തു പറയും? പറഞ്ഞാലതബദ്ധമാവുമോ എന്നു കരുതുന്നവരുമുണ്ടു്‌.
ഈ എല്ലാ വകുപ്പിലും ഞാനുമുണ്ടു്‌. ;)

 
At 9:55 p.m., February 16, 2006, Blogger evuraan said...

നല്ല കഥ.

ഇതാ‍ ഞാനും ഹാജര്‍ വെച്ചിരിക്കുന്നു. :)

ഒരു ചോദ്യം. മരപ്പട്ടിയെന്ന പേര്‍ തിരഞ്ഞെടുക്കാനെന്താണാവോ കാരണം?

 
At 10:36 p.m., February 16, 2006, Blogger Thomas said...

ഹാ‍വൂ...ഇപ്പോ ക്വോറം തികഞ്ഞു. ഞാന്‍ ഹാപ്പിയുമായി.
വിശ്വം - കുറച്ച് നാളായി വിവരം ഒന്നും ഇല്ലല്ലോ എന്നു ഓര്‍ക്കുവാരുന്നു

സിദ്ധന്‍, എവൂരാന്‍ ..വന്നതിന്, നിന്നതിനു നന്ദി.

ഈ മരപ്പട്ടി എന്ന പേരു ഞാന്‍ തിരഞ്ഞെടുക്കാന്‍ കാരണം എന്റെ ഇച്ചാച്ചന്‍ (അപ്പന്‍) ആണ്. പുള്ളി ചെറുപ്പം മുതലേ (അങ്ങേരുടെയല്ല, എന്റെ) എന്നെ ‘മരപ്പട്ടിത്തൊമ്മാ’ എന്നാ വിളിക്കുന്നത്. പിന്നെ ‘കണ്ണാ..കറുത്ത കരിങ്കണ്ണാ..നിന്നെ കാണാത്ത കണ്ണില്ലെടാ’ എന്ന പഴയ പാട്ടു മാറ്റി ‘തൊമ്മാ..കറുത്ത കരിന്തൊമ്മാ... നിന്നെ കാണാത്ത കണ്ണില്ലെടാ’ എന്നും പാടും.

തങ്കഭസ്മം, ഫെയര്‍ ആന്‍ഡ് ലൌലി, മെഡിമിക്സ്, കരിങ്കല്ലു എന്നിവ ഇട്ടുരച്ചു ഇപ്പോ തൊലിയൊക്കെ ഇത്തിരി വെളുത്തു. അപ്പോ പിന്നെ ബാക്കി മരപ്പട്ടി തന്നെ. ഇച്ചാച്ചന്റെ വലിയ ഒരു ഫാനും, ചെറിയ ഒരു മകനും ആയതുകൊണ്ടും, വേറേ പേരൊന്നും കണ്ടുപിടിക്കാന്‍ ഉള്ള മൂളയില്ലാത്തതുകൊണ്ടും ഇപ്പോ ഞാന്‍ മരപ്പട്ടി.

 
At 12:08 a.m., February 17, 2006, Blogger Cibu C J (സിബു) said...

വിശ്വവും സിദ്ധനും പറഞ്ഞ അതേ അവസ്ഥയില്‍ തന്നെ ഞാനും :)

 
At 12:26 a.m., February 17, 2006, Blogger Santhosh said...

എന്‍റെ സുഹൃത്ത് ജയന്‍ “നീയെന്താ ഇങ്ങനെ കരിമഷിപോലിരിക്കുന്നേ” എന്നാരെങ്കിലും ചോദിച്ചാല്‍ ഇങ്ങനെ പരയുമായിരുന്നു:
“കൊച്ചായിരുന്നപ്പോള്‍ അമ്മ കാശു തന്നിട്ടു പറയും, ‘മോനേ, ഈ കാശുകൊണ്ട് നീ മുട്ടായി വാങ്ങിത്തിന്നു പല്ലു പുഴിപ്പിക്കാതെ, വല്ല പാലോ കീലോ വാങ്ങിക്കുടിച്ചാല്‍ നിനക്കു കൊള്ളാം’ എന്ന്. ഞാനത് അക്ഷരം പ്രതി അനുസരിച്ചു. മിക്ക ദിവസവും പാലു കിട്ടാതെ കീലു കുടിക്കേണ്ടിവന്നു. അതാ ഞാനിങ്ങനെ മുല്ലപ്പൂ പോലിരിക്കുന്നേ!”

 
At 1:49 a.m., February 17, 2006, Blogger nalan::നളന്‍ said...

മരപ്പട്ടീ..
പണ്ട് ‘പട്ടി’ വിളി വിലക്കിയിരുന്നപ്പോള്‍ കൊതി തീര്‍ക്കാന്‍ പട്ടിയെക്കാണുമ്പോഴൊക്കെ അങ്ങു നീട്ടി വലിച്ച് വിളിച്ചിട്ടുണ്ട്, പട്ടീന്ന്.
ഇപ്പോഴേതായലും ചുമ്മാ വിളിക്കാം മരപ്പട്ടീന്ന്, ഹായ്!
കമന്റിന്റെ കാര്യമൊക്കെ അങ്ങനെ മേല്‍പ്പറഞ്ഞപോല്‍ തെന്നെ. എവിടൊക്കെപ്പോയി വായിക്കണമെന്നുതന്നെ കണ്‍ഫ്യൂഷനാ. പിന്നീടു പോയി വായിക്കാമെന്നുള്ള വ്യാമോഹമൊക്കെ ഉപേക്ഷിച്ചു.
കഥയെപ്പറ്റി എന്തു കമന്റെണമെന്നു ഒരു പിടിയും ഇല്ല. ഒന്നും പറയുന്നില്ല (ആദ്യം വന്നവര്‍ എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ)

 
At 5:07 a.m., February 17, 2006, Blogger സു | Su said...

അവളു ചത്തത് നന്നായി. അവനെങ്ങാനും ചത്തിരുന്നേല്‍ എന്റെ സ്വഭാവം മാറുമായിരുന്നു.

 
At 8:40 a.m., February 17, 2006, Blogger സൂഫി said...

സിബു,വിശ്വം, അനിൽ, പെരിങ്ങോടാ,ഏവൂരാനേ

പോളിന്റെ ചിന്തയിൽ ഗുരുതരമായി കമന്റ് സ്പാമ്മിങ് നടക്കുന്നെന്ന് തോന്നുന്നു.
പോളിതൊന്നും കാ‍ണുന്നില്ലേ…
പിന്മൊഴി നിറയെ
ചിന്ത നോട്ടിഫികേഷൻസാണ്

 
At 6:09 p.m., February 17, 2006, Blogger evuraan said...

പോളിന്‍ എഴുതിയിട്ടുണ്ട്.

സ്പാ‍മരനാം ബോട്ടുകാരനെ "ചിന്ത" തുരത്തുന്നതു വരെ, ഗ്രൂപ്പിന്റെ മെംബര്‍ഷിപ്പില്‍ നിന്നും പ്രസ്തുത ഐ.ഡി.യെ
ഒന്ന് വിലക്കിയാലെന്താ?

--ഏവൂരാന്‍.

 
At 4:07 a.m., February 18, 2006, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട് സുഹൃത്തേ.
ഇടയ്ക്ക് ഈ ചുവടുമാറ്റം നല്ലതാണ്.

 
At 4:20 a.m., February 18, 2006, Blogger ചില നേരത്ത്.. said...

മനോഹരമായിരിക്കുന്നു ഈ ശൈലി.
അഭിനന്ദനങ്ങള്‍!!!

 
At 4:08 a.m., February 23, 2006, Blogger Visala Manaskan said...

കമന്റാന്‍ വിട്ടുപോയി മാഷെ. ജയരാജിനെപ്പോലെ കമേഴ്സ്യലും പറ്റും അവാര്‍ഡ്‌ പടവും പറ്റും ല്ലേ. വെരി നൈസ്‌.

 

Post a Comment

<< Home