Saturday, February 11, 2006

മീശക്കത്രിക

വിശാലന്റെ പാക്കിസ്ഥാന്‍ ചാര സംഭവം വായിച്ചപ്പോ പഴയ ഒരു ചാരക്കഥ ഓര്‍മ്മ വന്നു.

യാതൊരു വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാതെ കളിച്ചു നടന്നു വെയിലേറ്റ് വാടിയ ഒരു വേനല്‍ക്കാലം. തേവര എന്ന മഹാരാജ്യത്തിന്റെയും കോന്തുരുത്തി എന്ന അയ്യല്‍ സാമ്രാജ്യത്തിന്റെയും അതിരുകള്‍ വാടക സൈക്കിളില്‍ ‘കൈവിട്ട്‘ ചവുട്ടി നടന്നു കറങ്ങിക്കണ്ടു നിജപ്പെടുത്തി. എറിയാന്‍ കശുമാവുകളധികമില്ലാത്ത ‘യെര്‍‌ണാളത്ത്’ കായല്‍‌വക്കത്തിരുന്ന് ചെറിയ ഞണ്ടുകളെ ഈര്‍ക്കിലി കൊരുക്കിയും, ‘നെറ്റിയെപൊന്നന്‍’ എന്ന മീനിനെ പാടത്തെ (ഇന്നു അവിടെയെല്ലാം പത്ത് നില ഫ്ലാറ്റുകള്‍) കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്നും കാലുകൊണ്ട് തെള്ളിച്ചു പിടിച്ചും, അമ്മച്ചിയുടേയും ഇച്ചാച്ചന്റെയും അടിപാഴ്സലുകള്‍ എറ്റുവാങ്ങിയും ദിവസങ്ങള്‍ താഴോട്ടെണ്ണി തീര്‍ത്ത് കഴിഞ്ഞിരുന്നു.

അങ്ങനെ സ്കൂള്‍ തുറക്കാന്‍ വെറും 10 ദിവസം ബാക്കിനില്‍ക്കെ, പുതിയ ബാഗും, പുതിയ ഉടുപ്പും, മഴ മഴ, കുട കുടയും, ചേച്ചിയുടെ പഴയ പാഠപുസ്തകങ്ങളും ഒക്കെ റെഡിയായി വന്നൊരു രാത്രി. ഒരു ഓട്ടോ റിക്ഷയില്‍ ആരോ രാത്രി എന്തോ വിളിച്ചു പറഞ്ഞുകൊണ്ട് പോയതു ഉറക്ക ക്ഷീണത്തില്‍ ഞാന്‍ ഗൌരവമാക്കാതെ, തലയിണ കെട്ടിപ്പിടിച്ചു, തലവഴി മൂടിപ്പുതച്ചു കിടന്നുറങ്ങി. പിറ്റെന്നു രാവിലെ മാന്‍ഡ്രെക്കു വായിക്കന്‍ പത്രമെടുത്തപ്പോഴാണു, രാത്രീലെ അനൌണ്‍സ്മെന്റിന്റെ പൊരുള്‍ കിട്ടിയത്. മനോരമ അവരുടെ മുന്‍ പേജില്‍, അവരുടെ പ്രെസ്സിലെ എറ്റവും വലിയ അക്ഷരത്തില്‍ “രാജീവ് ഗാന്ധി വധിക്കപ്പെട്ടു” എന്നു അച്ചടിച്ചിരിക്കുന്നു. May 21, 1991.

ഭൂഗോള രാഷ്ട്രീയത്തില്‍ വലിയ പിടിപാടൊന്നും ഇല്ലായിരുന്നെങ്കിലും ‘ഇസ് ദേശ് കെ കോനേ, കോനേ സെ, കോനെ കോനേ തക്ക്’ എന്നു രാജീവ് ഗാന്ധി പറഞ്ഞിരുന്നതു ഇച്ചാച്ചനെ അനുകരിച്ചു കാണിച്ചു രസിപ്പിച്ചിരുന്ന എനിക്കു, കാര്യമായ എന്തൊ സംഭവിച്ചു/സംഭവിക്കാനിരിക്കുന്നു എന്ന് മനസ്സിലായി. പിന്നീടുള്ള ദിവസങ്ങളില്‍ ശിവരശന്‍, ധനു, ഇള, പ്രഭാകരന്‍, എന്നൊക്കെ ആള്‍ക്കാര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രത്യേകിച്ചു നമ്മുടെ ഒറ്റക്കണ്ണ്ന്‍ ശിവരശനെ.ഒരു രാജീവ് ഗാന്ധി മരിച്ചതിനേലും, ദു:ഖസൂചകമായി 20 ദിവസം കൂടി അവധി കിട്ടിയതില്‍ അന്നു ഞാന്‍ സന്തോഷിച്ചു.

അങ്ങ്നെ നീട്ടിക്കിട്ടിയ വേനലവധി ചിലവാക്കാന്‍ തേവര സ്കൂള്‍ ഗ്രൌണ്ഡില്‍ സൈക്കിള്‍ റേസ്സ് നടത്തലായിരുന്നു പ്രധാന വിനോദം. ഒരിക്കല്‍ നട്ടുച്ചക്കു ക്ഷീണം മാറ്റാന്‍ സ്കൂളിന്റെ താഴെ വന്നു നിന്നു വര്‍ത്തമാനം പറഞ്ഞുകൊണ്ട് നിക്കുംബോള്‍ മുകളില്‍ മൂന്നാം നിലയില്‍ ഇരുമ്പു പോലെ എന്തൊ താഴെ വീഴുന്ന ഒരു സ്വരം. എന്തോ പ്രേതകഥ പറഞ്ഞുനിന്ന ഞങ്ങളെല്ലാവരും ഒന്നു ഞെട്ടി. അതെന്തായിരിക്കും എന്ന ആരുടെയോ സംശയത്തിനു, കൂട്ടത്തില്‍ ഏറ്റവും ബുദ്ധിമാനായ ഈയുള്ളവന്‍ “മറ്റാരുമല്ലടാ, ഇതു ശിവരശന്‍ ഒളിച്ചു താമസിക്കുന്ന സ്ഥലമാണെന്നു” അങ്ങ് കാച്ചി. എന്നെ എതിര്‍ക്കുന്നവരെ ഇടിക്കുന്ന എന്റെ സ്വഭാവം അറിയാവുന്ന അവരെല്ലാം “എന്റമ്മോ, ശരിയാടാ!“ എന്നും “എന്നോടു ഇന്നു നേരത്തെ വീട്ടില്‍ ചെല്ലാന്‍ അമ്മച്ചി പറഞ്ഞു” എന്നും മറ്റും പറഞ്ഞു പെട്ടന്നു അവിടെ നിന്നും വലിഞ്ഞു. ഇവിടെയാകുമ്പോള്‍ പോലീസൊന്നും ശ്രദ്ധികൂല്ലല്ലോ എന്ന എന്റെ അതിബുദ്ധി കൂടി കേട്ടപ്പോ, ബാക്കിയുണ്ടായിരുന്ന വാനരന്മാര്‍ക്കും അതു ശരി തന്നെ എന്നു മനസ്സിലായി. “ശിവരശനെ പിടിച്ച കുട്ടികള്‍“ എന്ന തലക്കെട്ടില്‍ പത്രത്തില്‍ വരാന്‍ പോകുന്ന വാര്‍ത്തയും പടവും എന്റെ മനസ്സില്‍ ഒരു ട്രെയിലര്‍ ആയി ഓടി.

പിന്നെ ശിവരശനെ പിടിക്കാനായി പരിപാടികള്‍. ഞാനും എന്റെ സന്തത സഹചാരിയുമായ ജൂജനും (ശരിക്കും പേരല്ല) കൂടി ഒരു കമാന്‍‌ഡോ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തു. ബാക്കി ആര്‍ക്കും ധൈര്യമില്ലാത്തതു കൊണ്ട്, ഞങ്ങള്‍ രണ്ടാളുമേ ഈ ഉദ്യമത്തിനു പേരുവച്ചുള്ളൂ. എന്നാല്‍ ഉച്ചയൂണു കഴിഞ്ഞു വന്നു ശിവരശനെ പിടിക്കാം എന്നു പറഞ്ഞു ഞങ്ങള്‍ രണ്ടാളും വഴി പിരിഞ്ഞു. ഊണൊക്കെ കഴിഞ്ഞു ഞാന്‍ ജൂജന്റെ വീട്ടില്‍ ചെന്നു. ഒരു കൊടും ഭീകരനെ പിടിക്കാന്‍ പൊകുവല്ലെ,അതിനുള്ള ആയുധങ്ങള്‍ എല്ലാം ഞാന്‍ എടുത്തിട്ടുണ്ടായിരുന്നു. ജൂജന്‍ അവന്‍ ഏറ്റിരുന്ന സാധനങ്ങളുമായി ഇറങ്ങിവന്നു. ഞങ്ങള്‍ രണ്ടാളും ഒരു സൈക്കിളില്‍ ‘ഡബിള്‍സ്സ്’ കയറി ശിവരശനെ പിടിക്കാന്‍ പുറപ്പെട്ടു.

സ്കൂളില്‍ ചെന്നു, സൈക്കില്‍ ദൂരെ ‘പാര്‍ക്ക്’ ചെയ്ത് ഞങ്ങള്‍ രണ്ടാളും ആയുധങ്ങള്‍ പുറത്തെടുത്തു നിജപ്പെടുത്തി. കൊള്ളാം, എല്ലം ഉണ്ട്. ശിവരശന്റെ കണ്ണില്‍ എറിയാന്‍ മുളകുപോടി, സ്വയരക്ഷക്കു ഇച്ചാച്ചന്റെ മീശവെട്ടുന്ന കത്രിക, ശിവരശനെ കീഴ്പ്പെടുത്തിയിട്ട് ‘ഹാന്‍‌സ്സപ്പ്‘ പറയാന്‍ പോട്ടാസ്സ് തോക്കും. ‘മുളകുപൊടിയില്‍ എന്തിനാടാ നീ ഉപ്പിട്ടതു’ എന്നു ചോദിച്ചപ്പോ ‘അധികം എരിയാതിരിക്കാന്‍’ എന്നു പറഞ്ഞ ജൂജനെ എനിക്കപ്പൊ പൊട്ടാസ്സ് തോക്കിനു വെടിവെച്ച് കൊല്ലാന്‍ തോന്നിയെങ്കിലും ‘പ്രായത്തില്‍ കവിഞ്ഞ’ സംയമനം പാലിച്ചു ഞാന്‍ അത് വേണ്ടെന്നുവച്ചു.

സ്കൂളിനപ്പുറത്തെ പള്ളിയില്‍ നോവേനക്കു വേണ്ടി ബെഞ്ച് എടുക്കാന്‍ പ്യൂണ്‍ സ്കൂളിന്റെ ഗ്രില്‍ തുറന്നു വച്ചതു സൌകര്യമായി. ഞങ്ങള്‍ രണ്ടാളും തക്കം പാര്‍ത്ത് ഗ്രില്ലിന്റെ മുന്‍പിലുള്ള ചെടികള്‍ക്കിടയില്‍ ഒളിച്ചിരിന്നു. ഒരു ബെഞ്ചും തലയില്‍ വെച്ചൊണ്ട് പ്യൂണ്‍ പള്ളിയിലേക്കു പോയ തക്കം നോക്കി ‘കമാന്‍‌ഡോസ്സ്’ രണ്ടുപേരും അകത്തു കേറി. ഒരു സിനിമാ ഇഫക്ടിനു വേണ്ടി ഇടക്കിടെ ‘ടാന്‍ ടാങ്ങ്, ടാന്‍ ടാങ്ങ്‘ എന്നു സൌണ്ട് വക്കാനും ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അകത്തു കടന്ന പടി, ഞങ്ങള്‍ രണ്ടാളും വെടികൊണ്ട പന്നി കണക്കെ ഓടി രണ്ടാം നിലയില്‍ കയറി. ഒരു നില കൂടി കയറിയാല്‍ ലക്ഷ്യത്തിലെത്താം. പക്ഷേ ‘ഓപ്പറേഷ’നു ഒരു വലിയ തടസ്സമായി മൂന്നാം നിലയിലേക്കുള്ളാ ഗോണിപ്പടികള്‍ താഴിട്ടു പൂട്ടിയിരിക്കുന്നു! പെട്ടന്നു തന്നെ താഴെ ഒരു ആളനക്കം. ‘ഞാന്‍ പത്ത് ബി-യില്‍ നിന്നും ബെഞ്ചെടുക്കട്ടെ പൌലോസേട്ടാ?’ കപ്യാരു പയ്യന്‍ ഡേവീസ്സാണു. പരീക്ഷപ്പേപ്പറൊക്കെ ഇരിക്കുന്ന സ്കൂളാണു. അവിടെക്കയറി മാര്‍ക്കു തിരുത്താന്‍ വന്നു എന്നോ മറ്റോ പറഞ്ഞു ഞങ്ങളെ പിടികൂടിയാലുള്ള നാണക്കേടോര്‍ത്ത് ഞാന്‍ ജൂജനേയും അവന്‍ എന്നെയും ദയനീയമായി നോക്കി. ഈ ഒരേ ചിന്ത ഒരേ സമയം ഞങ്ങളുടെ രണ്ടാളുടേയും തലയില്‍ക്കൂടി ഒരുമിച്ചു പോയതെങ്ങ്നെയാണെന്നു ഇന്നും എനിക്കൊരു പിടിയുമില്ല. ഡേവീസ്സെങ്ങാനും പിടിച്ചാല്‍ പിന്നെ ഒരു രക്ഷയുമില്ല. കുര്‍ബാനക്കു ‘അള്‍ത്താര പിശാശുക്കളായ’ ഞാനും ജൂജനും വീഞ്ഞു കട്ടു കുടിക്കുന്നതു തെളിയിക്കാന്‍ നോക്കിനടക്കുന്ന ഡേവീസിനു ഇതായാലും മതിയാകും. ഞങ്ങള്‍ രണ്ടു പേരും നിന്നു വിറക്കാന്‍ തുടങ്ങി. ജൂജന്റെ കണ്ണും എന്റെ നിക്കറും നനഞ്ഞതു പെട്ടന്നായിരുന്നു.

പത്ത് ബി-യില്‍ നിന്നും ബെഞ്ചെടുക്കാന്‍ ഡേവീസ്സ് ഇപ്പോ മുകളിലേക്കു വരും. മുളകുപൊടിയും, കത്രികയും, തോക്കുമായി നിക്കുന്ന ഞങ്ങളെ കൈയ്യോടെ പൊക്കും. ചങ്കു ഇടിച്ച് ഇടിച്ച് തെണ്ട വരെ എത്തി. ഡേവീസ്സിന്റെ കാലൊച്ച ഗൊണിപ്പടികളുടെ താഴെ ഞങ്ങള്‍ക്കു കേള്‍ക്കാം. ഹെഡ്ഡ്മാസ്റ്ററച്ചന്‍, വികാരിയച്ചന്‍, കപ്യാര്‍ ഡെവീസ്സ്, ഇച്ചാച്ചന്‍, അമ്മച്ചി, കൊച്ചമ്മച്ചി, എന്നു വേണ്ട, നാട്ടുകാരുടെ എല്ലാവരുടെയും കിഴുക്കും, ചൂരലിനടിയും കിട്ടുന്നതിന്റെ ഒരു ട്രെയിലര്‍ പെട്ടന്ന് എന്റെ മനസ്സിലോടി.

“ഡേവീസ്സെ, നീ ആദ്യം അപ്പുറത്ത് എട്ട് സി-യില്‍ നോക്ക്’ എന്നു താഴെ നിന്നു പൌലോസ്സു ചേട്ടന്‍.’ആ, ശരി’ എന്നും പറഞ്ഞു ഡേവീസ്സിന്റെ ഒച്ചക്കൊപ്പം കാലടിയൊച്ചയും നീങ്ങിത്തുടങ്ങിയപ്പോഴാണു ചങ്കിടിപ്പു കുറഞ്ഞത്. ഡേവീസ്സ് മാറിയെന്നറിഞ്ഞ ഉടനെ, കമാന്‍‌ഡോസ്സ് രണ്ടാളും കൂടി വാലില്‍ തീ വച്ച പടക്കം കെട്ടിയ പൂച്ച ഓടുന്ന പോലെ ഒറ്റ ഓട്ടം. ഇറങ്ങിയോടി, മതിലുചാടി, സൈക്കിളെടുത്ത് പാഞ്ഞു ചവുട്ടി മുക്കാല്‍ കിലോമീറ്ററപ്പറത്തുള്ള തേവരപ്പാലത്തിന്റെ അടിയില്‍ ചെന്നപ്പോഴാണു ശ്വാസം നേരേ വീണതും, തിരിഞ്ഞു നോക്കിയതും.

ഈ തിരക്കിനിടയില്‍ മുളകുപൊടിയും, കത്രികയും, തോക്കും എല്ലാം എവിടെയോ വീണു പോയി. പിന്നെ പാലത്തിന്റെ അടിയില്‍ പോയി, നിക്കര്‍ നനച്ചു, ഉണങ്ങുന്നവരെ വെയിലത്ത് കൂടി സൈക്കിള്‍ ചവട്ടിയതിനു ശേഷമാണു വീട്ടില്‍ പോയതു.

പിന്നെപ്പൊഴും മീശ വെട്ടുമ്പോള്‍ ഇച്ചാച്ചന്‍ ‘ശ്ശെ, എന്റെ പഴയ കത്രിക നല്ല ഉഗ്രന്‍ മെയ്ഡ് ഇന്‍ ഇന്‍‌ഗ്ലണ്ട് സാധനമായിരുന്നു. അതെവിടെപ്പോയൊ ആവോ’ എന്നു പറയുമ്പോള്‍ സത്യം പറയാനുള്ള ധൈര്യം ഇന്നും എനിക്കില്ല. ഒന്നുമല്ലെങ്കിലും എനിക്കെന്റെ പൊട്ടാസ്സ് തോക്കു നഷ്ടമായില്ലെ?? ഞങ്ങള്‍ തുല്യദുഖിതര്‍

10 Comments:

At 4:29 a.m., February 12, 2006, Blogger സ്വാര്‍ത്ഥന്‍ said...

നല്ല ഉഗ്രന്‍ മെയ്ഡ് ഇന്‍ യെര്‍ണാളം സാധനം!!!

‘നെറ്റിയെപൊന്നന്‍’ ഞങ്ങറോടെ ‘പൂച്ചുട്ടി’യാ.

 
At 5:24 a.m., February 12, 2006, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നല്ല ഉഗ്രന്‍ മെയ്ഡ് ഇന്‍ ഇന്‍‌ഗ്ലണ്ട് സാധനം ഒരണ്ണം കാഴ്ച്ചവെച്ചിട്ട് ഇനിയെങ്കിലും ഇച്ചാച്ചനോടു സത്യം പറഞ്ഞുകൂടെ.

മെയ്ഡിന്‍ യെര്‍ണാളം നന്നായിട്ടുണ്ട്.

 
At 5:38 a.m., February 12, 2006, Blogger Visala Manaskan said...

‘മുളകുപൊടിയില്‍ എന്തിനാടാ നീ ഉപ്പിട്ടതു’ എന്നു ചോദിച്ചപ്പോ ‘അധികം എരിയാതിരിക്കാന്‍’ എന്നു പറഞ്ഞ ജൂജനെ..

:)nice nice.

 
At 8:59 a.m., February 12, 2006, Blogger Kalesh Kumar said...

നന്നായിട്ടുണ്ട് ടോം!

 
At 1:28 p.m., February 12, 2006, Blogger സു | Su said...

ഇച്ചാച്ചന് ഇതിന്റെ ഒരു പകര്‍പ്പ് അയച്ചിട്ടുണ്ട്.;)

 
At 9:16 a.m., February 13, 2006, Blogger Sreejith K. said...

അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അതിമനോഹരം. നന്നായിട്ടുണ്ട്.

അല്ലാ, ഇപ്പോഴും ഇങ്ങനെ കമാന്റോ ഓപ്പറേഷന് പോകാറുണ്ടോ?

 
At 9:39 a.m., February 13, 2006, Blogger സൂഫി said...

വെളിവും വെള്ളിയാഴ്ച്ചയുമില്ലാതെ ശിവരശനെത്തേടിപ്പോയി നിക്കറു നനച്ച മഹാന്,
യ്യ്, പുലിക്കുട്ടിന്ന്യാ… മരപ്പട്ടീ..:)

 
At 10:25 a.m., February 13, 2006, Blogger Adithyan said...

നന്നായിരിക്കുന്നു...
:-)

ഈ പറഞ്ഞകാലയളവിനോടടുത്തകാലയളവുകളിൽ താടിയും കണ്ണാടിയും ഉള്ള ഇരുനിറക്കാരൊരുപാടു പേര് ശിവരശനായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്‌...
:-))

 
At 11:31 a.m., February 13, 2006, Blogger അരവിന്ദ് :: aravind said...

ടോമേ, അച്ചായോ,
അപ്പോ പത്തായത്തില്‍ പോയി ഒളിക്കാന്‍ പോവാന്നൊകെ പറഞ്ഞതു ചുമ്മാ വിനയം അയിരുന്നല്ലേ :-))!
ഇമ്മാതിരി സാധനങ്ങള്‍ കൈയ്യി വച്ചോണ്ട് കണാകുണാ പറയാതെ ഇരുന്നങ്ങോട്ട് എഴുതെന്റെ അച്ചായാ..ഞങ്ങളൊക്കെ വായിച്ചു കുമ്പ കുലുക്കി ചിരിക്കട്ടെ :-))

 
At 7:18 p.m., February 13, 2006, Blogger Thomas said...

സ്വാര്‍ഥസാരഥീ- നെറ്റിയെപൊന്നന്‍ എന്നത് ശരിക്കും കോട്ടയം പേരാ, യെര്‍‌ണാളത്ത് അതിനെ പൂഞ്ഞാട്ടി എന്നാണെന്നു തോന്നുന്നു വിളിക്കുന്നത്. കുറെയൊക്കെ മറന്നു പോകാന്‍ തുടങ്ങിയിരിക്കുന്നു (ഓ..., ഒരു കരിസായിവ്..!)

സാക്ഷീ - ഇക്കാലത്ത് മെയ്ഡ് ഇന്‍ ഇന്‍‌ഗ്ലണ്ഡ് വേണമെങ്കില്‍ ചൈനക്കു പോകണ്ട ഗതിയല്ലെ? ബര്‍മിങ്ങഹാമിലൊക്കെ ഇപ്പൊ അടങ്ങ ഫാക്ടറികളല്ലെ ഉള്ളൂ?

വിശാലോ - ഇങ്ങനെ എരിവും പുളിയും ഇല്ലെങ്കില്‍ പിന്നെ എന്തു രസം അല്ലെ?

കലേഷ് - ശുക്കര്‍ (അറബി വലിയ പിടിയില്ല). നന്ദി.

സു - പണി പാളും സൂ. ഞാന്‍ മുതുക്കനായെന്നൊന്നും പുള്ളിക്കു നോട്ടമില്ല. ഇപ്പോഴും ചാന്‍സിനു എടുത്തിട്ടിടിക്കും.

ശ്രീജിത്ത് - ‘പാണ്ടന്‍ നായുടെ ...’ ഇല്ല. ഇപ്പോ ഭയങ്കര മര്യാദരാമനാ. പകല്‍മാന്യനും.

സൂഫീ - പുലിക്കുട്ടിയല്ല.. (തമിഴ്) പുലിയെ പിടിക്കാന്‍ പോയ കുട്ടിയാ. പിന്നെ പ്രശംസകളൊക്കെ മൊത്തമായും ചില്ലറയായും എടുക്കുന്ന്.

ആദിത്യന്‍ - സുകുമാരക്കുറുപ്പു, ശിവരശന്‍, ചാള്‍സ്സ് ശോഭരാജ്. താടി, കണ്ണട വഷളന്‍ തൊപ്പി എന്നിവ മൂലം ഇടി കൊണ്ടവര്‍ ധാരാളം.

അരവിന്ദാ - കുല കെട്ടി പഴുപിക്കാന്‍ വച്ചതു എടുക്കാനല്ലെ ഞാന്‍ പത്തായത്തില്‍ പോയത്. ഇനിയും പോസ്റ്റാം. വളിപ്പുകള്‍ സഹിക്കുന്നതിനു നന്ദി.

 

Post a Comment

<< Home