Sunday, January 29, 2006

ഒരു വഞ്ചി(ക്കഥയില്ലാ)ക്കഥ

വെട്ടിവീഴണ പാഴ്മരമെല്ലാം കൂട്ടിപ്പിടിപ്പിച്ചു, ഉരു പണിതു, നാട്ടിലുള്ള തടിമാടന്മാരെയെല്ലാം കൈയ്യില്‍ ഓരോ കൊടുവാളും തോക്കും കൊടുത്ത് കേറ്റിയിരുത്തി “യെബടേങ്കിലും പോയി അന്നാട്ടിലെ ആബ്രന്നോമാരേയെല്ലാം കൊന്ന് ഈ കൊടി അബട കുത്ത്” എന്നും പറഞ്ഞ് പണ്ടു ശീമേലിരുന്നൊരു മഹാറാണി ലോകം ഭരിച്ച കാലമുണ്ടായിരുന്നു.

മേല്‍ റാണിയുടെ കീഴ് പടയാളികള്‍ കയറിയ ഒരു ഉരു കാറ്റടിച്ചെന്തോ വള്ളുവനാട്, വഞ്ചിനാട്, ശംഖുനാട് എന്നീനാടുകളില്‍ നടുക്കുള്ള ‘ആ വിട്ട് പിടി, ഞങ്ങ തന്നെയാണ്‍ മര്യാതക്ക് മലയാളം പറയണ’ എന്നു പറഞ്ഞഭിമാനിച്ചിരുന്ന, കൊച്ചീക്കാര്‍ തിങ്ങിപ്പര്‍ക്കുന്ന വഞ്ചിനാട്ടില്‍ വന്നു ചേര്‍ന്നു. ട്രാന്‍സിറ്റെന്നും പറഞ്ഞു വന്ന് റെസിഡെന്‍സി അടിച്ചു മേടിച്ച അവര്‍ക്കാകെ ഒരു സഭാകമ്പനം. ശീമയിലെ അസ്ഥിക്കു കുത്തുന്ന തണുപ്പിനും മഴക്കും പകരം, ഇവിടെ ഉച്ചി കത്തിക്കുന്ന നല്ല വെയിലും പിടുക്കുരുകുന്ന ചൂടും, കടലാസിനു പകരം ഇടംക്കൈ, കാല്‍ക്കുഴലിനു പകരം ഒറ്റപ്പീസ്. ഇതൊന്നും പോരാഞ്ഞു ഞായറാഴ്ച്ചക്കുര്‍ബാന കാണാന്‍ ഇറങ്ങിത്തിരിച്ച ഒരു സായിവന്‍ വഴിതെറ്റി പള്ളിയാണെന്നു കരുതി കാളി ക്ഷേത്രത്തില്‍ ചെന്നു കയറിയതും (ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വ്രദ്ധനെപ്പോലെ തന്നെ), കാളിയെക്കണ്ട് “എന്റെടീ കത്രീനാമ്മേ, ഇവിടത്തെ വ്യാകുല മാതാവിന്റെ പള്ളീലെ മാതാവിനു നാലു കൈയ്യാണെടിയേ, പൊരാത്തതിനു മുറുക്കിചൊവന്നോരു നാക്കും” എന്നും മറ്റും തിരിച്ചു ശീമയിലുള്ള ടിയാന്റെ കെട്ടിയ ചൂച്ചിക്കു കത്രീനച്ചൂച്ചി@താളിയോല.കോപ്പി-ലേക്കു മറുമെയിലയച്ചതും പഴങ്കഥ.

എല്ലാ മാസോം പപ്പന്റെ പലചരക്കുകടേല്‍ കോണ്ടുപോയ് തോക്കു പണയം വെച്ച് ഇഞ്ചി, ഗ്രാമ്പൂ, തക്കോലം, കറുവാപട്ട, കുരുമുളക് ഇത്യാദി പല ചരക്കുകള്‍ മേടിച്ച്, വെള്ളം ചേര്‍ത്തരച്ച് കുഴമ്പാക്കി, S.B.I ടെ കൊടുങ്കല്ലൂര്‍ n.r.e ബ്രാഞ്ചില്‍ നിന്നെടുത്ത ഡ്രാഫ്റ്റിന്റെ പിന്നില്‍ തേച്ചുപിടുപ്പിച്ച്, ശീമയിലുള്ള കത്രീനച്ചൂച്ചിമാര്‍ക്കു ചിരണ്ടിയെടുത്ത് മണക്കാനും, കറിക്കിടാനും, മേത്ത് തേച്ചു കുളിക്കാനും വേണ്ടി ഉരു കേറിവന്ന സായിവന്‍‌മാര്‍ അയച്ചു കൊടുത്തിരുന്നു.

ഇതറിഞ്ഞ മേല്‍‌റാണി, ഇംഗ്ലീഷില്‍ എന്തോ അലറുകയും, അറബിക്കടലില്‍ അലറിയടിച്ച കാറ്റില്‍ അതു കേട്ട സായിവന്‍‌മാര്‍ തിരിച്ച് പപ്പന്റെ കടയില്‍ പോയി തോക്കു തട്ടിപ്പറിച്ച് നാട്ടുരാശാവിന്റെ നാഭിക്കു കുത്തിപ്പിടിച്ചു സ്ഥലോം, പണ്ടാരത്തിന്റെ താക്കോലും അടിച്ചുമാറ്റുകയും, ഉച്ചക്കു കുടിച്ച റാക്കിന്റെ കെട്ടില്‍ “ഇനി താന്‍ കപ്പ തിന്നണമെങ്കി റാണിക്കു കപ്പം കൊടുക്കണം” എന്നൊക്കെ വിളിച്ചു പറയുകയും ചെയ്താരുന്ന്.

“സായിപ്പേ, ഞാന്‍ ഒരു വികാര ജീവിയാണ്” എന്നു ഉമ്മര്‍ സ്റ്റയിലില്‍ പറയുകയും “എടോ കോപ്പേ, കപ്പം തന്നാ, കപ്പ തരുമോ“ എന്നൊക്കെ സായിവിനോട് ചോദിക്കുകയും, ഇതൊന്നും പോരാഞ്ഞു, കപ്പ പറിക്കാനും കപ്പം പിരിക്കാനും മുണ്ടും മടക്കിക്കുത്തി, മാവേലെറിഞ്ഞും, പാടത്ത് ചീട്ടുകളിച്ചും, കുളിക്കടവില്‍ എത്തിനോക്കിയും, അമ്പലപ്പറമ്പില്‍ ഗുസ്തി പിടിച്ചും, കഷത്തിലെ രോമം പിരിച്ചും നടന്നിരുന്ന, പത്തും ഗുസ്തീം കഴിഞ്ഞ E.C.N.R ഇല്ലാത്ത, ദുഫായി പോയിട്ട്, തമിഴ്നാട്ടിലോട്ടു പോലും വിസ കിട്ടാത്ത കൊറെ ‘അവന്മാരെ’ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു നമ്മുടെ വഞ്ചിരാശന്‍.

അങ്ങനെ ഗ്രാമീണ തൊഴില്‍‌ദാന പദ്ധദിയിലൂടെ തെഴിലില്ലായ്മയില്‍ നിന്നും തൊഴിച്ചു പുറത്താക്കപ്പെട്ട ‘അവന്‍‌മാരെയെല്ലാം’ ഓരോ കവലക്കും, പാലത്തിലും, മുക്കിലും, ആശുപത്രിപ്പടിക്കലും എന്നു വേണ്ട, ഇന്നുകാലത്തുള്ള പിച്ചക്കാര്‍ ഇരിക്കുന്ന സര്‍വ ‘കളക്ഷന്‍ സ്പോട്ടിലും’ കൊണ്ടു പോയി, നാലു മുളകുത്തി മേഞ്ഞ ഓല കെട്ടി മറച്ച്, “ജ്ജ് ഇബട കുത്തി ഇരിക്കീന്‍, ഇമ്മ്ല് ഒന്നു പൊയിറ്റ് ബരാ” എന്നും, “ബെയിലു കൊണ്ടാ ജ്ജ് ബാടിപ്പോവൂലേ, ഇന്നാ ഇതിട്ടോ“ എന്നൊക്കെ ഇംഗ്ലീസ്സില്‍ പറഞ്ഞു പറ്റിച്ച് ഒരു ചട്ടിത്തൊപ്പിയും, നല്ല മിനുക്കിയ അഞ്ചു പിച്ചള ബട്ടന്‍‌സ് വെച്ചുണ്ടാക്കിയ കുപ്പായമെന്ന ഗുട്ടന്‍സും ഇടീച്ച് ഇരുത്തി സായിവു പിന്നേം പലചരക്കു തേച്ച ഡ്രാഫ്റ്റെടുത്ത് ശീമയിലുള്ള പല ‘ചരക്കുകള്‍ക്കും’ അയച്ചു കൊടുക്കാനും, ബാക്കികാശിനു റാക്കടിച്ചു ഡോഞ്ചായി, വഴീക്കാണുന്ന, ആനയടക്കമുള്ള സര്‍വ്വ ജീവജാലങ്ങളേയും പഞ്ചഗുസ്തിക്കു വെല്ലുവിളിക്കാനും പോയി.

അങ്ങനെ ഉള്ള ഒരു ഔട്ട് പോസ്റ്റില്‍ കിട്ടിയ പോസ്റ്റില്‍ ഞെളിഞ്ഞിരുന്ന് കുപ്പായഗൊണാണ്ടറിലെ മിന്നുന്ന ബട്ടന്‍സും തടവി ’നാന‘യോലയും വായിച്ച് പ്രാവിന്റെ കാലില്‍ sms കൊളുത്തി അയച്ചുകളിക്കുന്ന രണ്ടവന്മാരെക്കണ്ട മീന്‍‌കാരത്തി ദാക്ഷായണി, ഒരു കൈകൊണ്ട് തലയിലെ കൊട്ട അഡ്ജസ്റ്റു ചെയ്ത്, മറ്റെക്കൈകൊണ്ട് ചുണ്ടിലെ മുറുക്കാന്‍‌കറ തുടച്ച്, ഇടത്തേ തോളില്‍ നിന്നും വലത്തെ അരയിലെക്ക് ഉടുത്തിരുന്ന തോര്‍ത്തുമുണ്ട് അരയിലേക്കൊന്നിറുക്കിത്തിരുകി അവന്‍‌മാരെ രണ്ടിനേം പ്രപഞ്ചപുഛിഫിക്കേഷനോടെ ഒന്നു സ്കോപ്പിയിട്ടു
“മുട്ടിനു മുട്ടിനു മാടോം കെട്ടി, നെഞ്ചത്തഞ്ചാണീം തറച്ചിരിക്കണ്‍, മൈരങ്ങ“
എന്നൊരു ഡൈകോലും, കെ.പി.എ.സി ലളിത നാണിക്കുന്ന പോലത്തെ നീട്ടി ‘പ്ഫ‘ എന്നൊരാട്ടും.

ഓ, പറയാന്‍ വിട്ടു. ഈ കഥക്കു യാതൊരു കഥയുമില്ല

Thursday, January 26, 2006

മരപ്പട്ടിയുടെ അപ്പന്‍

മരപ്പട്ടി: ‘ഇച്ചാച്ചാ..അസ്സലാമു അലൈക്കും’

ഇച്ചാച്ചന്‍: അസ്സലാമും അലക്കും ഓന്റെ ബാപ്പേം അലക്കും. അയിനി ഞാന്‍ എന്തു വേണോടാ പുള്ളേ??

ഇതു മരപ്പട്ടിയുടെ ഇച്ചാച്ചന്‍. കുത്തിത്തിരിപ്പു വല്ലോം പാരമ്പര്യമായി കിട്ടിയിട്ടുണ്ടെങ്കില്‍ അതു ഈ സൈഡീന്നു തന്നെ. ആളു ഒരു കൊച്ചു വില്ലന്‍ . ഒരു തൊപ്പിയൊക്കെ വെച്ചു വലിയ ജാടക്കു സ്കൂട്ടറിനു ഇങ്ങനെ പാഞ്ഞു നടക്കും. ആ തൊപ്പിക്കു പിന്നില്‍ (താഴെ എന്നായിരിക്കും കൂടുതല്‍ ശരി) ഒരു കഥയുണ്ട്.

ഇച്ചാച്ചന്റെ തല നല്ല കഷണ്ടിയാണ്. നല്ല കഷണ്ടി എന്നു പറഞ്ഞാല്‍ മോളില്‍ ഫാന്‍ കറങ്ങുന്നതു താഴെ പുള്ളിക്കാരന്റെ തലേല്‍ കാണാം. ഇത്ര നല്ല കഷണ്ടി നാലാളു കാണട്ടെ എന്നു വച്ചു തൊപ്പിയൊന്നുമില്ലാതെ അങ്ങനെ ബജാജ് ചേതക്കില്‍ പാഞ്ഞു നടന്നിരുന്ന കാലം. ഒരു ദിവസം എറണാകുളം എം.ജി റോഡില്‍ ഒരു ചെറിയ ട്രാഫിക്ക് ബ്ലോക്കില്‍ ‘നോക്കടാ എന്റെ മിന്നുന്ന തല’ എന്ന മട്ടില്‍ ഇങ്ങനെ നിക്കുമ്പോഴുണ്ട് ഒരു കാക്ക. ഏതോ ഗാന്ധി പ്രതിമയുടെ ഓര്‍മ്മയില്‍ കാക്ക ഇച്ചാച്ചന്റെ തലയില്‍ വന്നു ഒരു എമര്‍ജെന്‍സി ലാന്‍ഡിങ്ങ്. കാക്ക വന്നിരുന്നതിന്റെ ഞെട്ടലില്‍ ബാലന്‍സ്സ് പോയ ഇച്ചാച്ചനും, ‘എന്നാ കൂടെ ഞാനും’ എന്ന മട്ടില്‍ സ്കൂട്ടറും താഴോട്ടും, ‘ഗാന്ധി‘ക്കു പെട്ടന്നു ജീവന്‍ വെച്ച ഞെട്ടലില്‍ കാക്ക മോളിലോട്ടും. ഇതു കണ്ടു നിന്ന നാട്ടുകാര്‍, ട്രാഫിക്ക് പോലീസ് ഉള്‍പ്പെടെ എല്ലാരും ആര്‍ത്തോരു ചിരിയും!

അതീ പിന്നെ.....

Friday, January 20, 2006

എന്റെ പുണ്യാളച്ചോ....

എറണാകുളത്തു നിന്നും കളമശ്ശേരി ഭാഗത്തേക്കു പോകുംബോള്‍ കലൂരും ഇടപ്പള്ളിയിലും രണ്ടു പള്ളികളുണ്ട്. കലൂരുള്ളത് സെബസ്ത്യാനോസ് പുണ്യാളന്റേയും, ഇടപ്പള്ളിയില്‍ ഉള്ളതു ഗീവര്‍ഗ്ഗിസ് പുണ്യാളന്റേയും. ഭക്തരുടെ എണ്ണത്തില്‍ രണ്ടു പേരും അത്ര മോശമല്ല.

കല്യാണ പ്രായമായ പെണ്‍കുട്ടികള്‍ നല്ല ഒരു ഭര്‍ത്താവിനെ കിട്ടാനും, ജോലിയില്ലാത്ത യുവാക്കന്മാര്‍ ജോലികിട്ടാനും, ജോലിയുള്ള യുവാക്കന്മാര്‍ മേല്‍പ്പറഞ്ഞ പോലത്തെ ‘ദൈവഭയമുള്ള, വെളുത്ത, നല്ല റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ പിറന്ന“ പെണ്‍കുട്ടികളെ കിട്ടാനും, ഭാര്യമാര്‍ ഭര്‍ത്താവിന്റെ കുടി മാറാനും, വല്യമ്മമാരും വല്യപ്പന്മാരും ‘പെടുമരണത്തില്‍ നിന്നും’ രക്ഷ നേടാനും ആയി ‘റെക്കമെന്‍റ്റേഷ‘നുമായി വരുന്ന സ്ത്ഥലങ്ങളാണു ഇത് രണ്ടും. കൂട്ടത്തില്‍ ‘കളക്ഷന്‍’ എടുക്കാന്‍ വരുന്ന കോളേജ് കുമാരന്മാരും വിരളമല്ല.

മേലാസകലം അംബുകളുമായി ഒരു ശീല മാത്രം വസ്ത്രമായ് ഉടുത്ത്, ഒരു മരത്തില്‍ ബന്ധനസ്ത്ഥനായി നില്‍ക്കുന്നതാണു സെബസ്ത്യാനോസിന്റെ സ്ത്ഥിരം ‘പോസ്’. ഗീവര്‍ഗ്ഗീസ്സ് ആള്‍ സ്വല്‍പ്പം കൂടി വീരനാണ്. റോമന്‍ പട്ടാള വേഷമൊക്കെയിട്ട്, ഒരു വെള്ളക്കുതിരയുടെ പുറത്ത് ഗ്ലാമറില്‍ ഞെളിഞ്ഞിരുന്ന് നിലത്തു കിടക്കുന്ന ഒരു വ്യാളിയെ ,“നോക്കടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന വ്യാളിയേ നീയങ്ങു മറിക്കെടാ ശ്ശടാ” എന്ന മട്ടില്‍ കുന്തം കൊണ്ടു കുത്തി കൊല്ലുന്നതാണു ‘ഗീവൂസ്സി‘ന്റെ സ്ത്ഥിരം പോസ്സ്.

എല്ലാ ചൊവ്വഴ്ച്ചയും വ്യാഴാഴ്ച്ചയും ഈ രണ്ടു സ്ത്ഥലങ്ങളിലും മുടങ്ങാതെ പോവുകയും, ഓരോ റൌണ്ടു മെഴുകുതിരി കത്തിക്കുകയും, നൊവേനയില്‍ ഭക്ത്യാദരപൂര്‍വം പങ്കുകൊള്ളുകയും ചെയ്യുന്ന ഒരു സ്ത്ഥിരം കക്ഷിയാണു നമ്മുടെ നായിക ‘ഏലിച്ചേടത്തി’. രണ്ടു പള്ളികളിലും പോകുമെങ്കിലും, ഇടപ്പള്ളിക്കാരത്തിയായ ഏലിച്ചേടത്തിക്കു ഗീവര്‍ഗ്ഗീസ്സിനോടാണു കൂടുതല്‍ ഭക്തി. അതുകൊണ്ടു തന്നെ മെഴുകുതിരി കത്തിക്കുംബോഴും, നേര്‍ച്ചയിടുംബോഴും, ഒരു മെഴുകുതിരിയും, അന്‍പതു പൈസയും ഗീവര്‍ഗ്ഗീസ്സിനു പുള്ളിക്കാരത്തി കൂടുതല്‍ കൊടുക്കും.

അങ്ങനെ പ്രാര്‍ത്ഥിച്ചും പെരുന്നാളുകൂടിയും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഗീവര്‍ഗ്ഗീസ്സിന്റെ ഭക്തഗണത്തില്‍ ഒരു ചെറിയ ഇടിവ്. അതിന്റെ നേര്‍ഫലമെന്നപോലെ നേര്‍ച്ചപ്പെട്ടിയിലെ വരവിനും ഒരു ചെറിയ കുറവ്.

ഒരു ദിവസം, സെബസ്ത്യാനോസ്സിന്റെ നൊവേനയും കൂടി, തിരിച്ചു വീട്ടിലേക്കു പോരാന്‍ ബസ്സില്‍ കയറിയപ്പോഴാണു ഏലിച്ചേടത്തിക്കു സംഗതി പിടി കിട്ടിയത്. ഇതു ഒരു ചെറിയ ‘മോഡലിംഗ്’ പ്രശ്നമാണെന്നു ചേടത്തിക്കു മനസ്സിലായി. ഇഷ്ടപുണ്യാളന്റെ പോസിനു പൊടിശകലം ഗമ കൂടുതല്ലല്ലേ എന്നൊരു ‘തമചയം’. ഇടപ്പള്ളിയില്‍ ബസ്സിറങ്ങി നേരേ പുള്ളിക്കാരത്തി പള്ളിയിലോട്ട് ചെന്നു രൂപത്തിന്റെ മുപില്‍ നിന്നു സുരേഷ് ഗോപി സ്റ്റയിലില്‍ ഒരു താങ്ങു

“ഇവിടെ കണ്ട കഴുതേട പൊറത്തിരുന്നു വല്ല പാംബിന്റേം വായില്‍ കോലിട്ടിളക്കിക്കളിച്ചോണ്ടിരുന്നോ...അവിടെ കലൂരു പള്ളിയില്‍ ഒരുത്തന്‍ തോര്‍ത്ത് മുണ്ടും ഉടുത്തോണ്ട് മരത്തുമ്മെചാരി നിന്നു കാശു വാരണ കണ്ടാ കണ്ണ് തള്ളിപ്പോകും”

വികാരിയച്ചന്‍ ഇതു കേള്‍ക്കാഞ്ഞതു ഭാഗ്യം.

Thursday, January 19, 2006

ഒരു അറബിക്കഥ

nb: ഇതു ഞാന്‍ എവിടെയോ വായിച്ച ഒരു കഥയാണ്, എന്റെ സ്വന്തമല്ല!

രാവിലേ ചന്തയില്‍ പോയ ഭ്രത്യന്‍ പ്രാണവെപ്രാളത്തോടെ ഓടി വന്ന് യജമാനന്റെ കാല്ക്കല്‍‍ വീണു പറഞു:

“യജമാനനേ....നിന്റെ എറ്റവും വേഗമുള്ള കുതിരയെ എനിക്കു തരിക, ചന്തയില്‍ വച്ച് ഞാന്‍ എന്റെ മരണത്തെ കണ്ടിരിക്കുന്നു. അവള്‍ എന്നെ വന്നു കൊണ്ടു പോകും മുന്‍പേ ഞാന്‍ രക്ഷപ്പെട്ട് അടുത്ത ഗ്രാമത്തില്‍ പോകട്ടെ”.

യജമാനന്‍ കൊടുത്ത കുതിരയുമായി അവന്‍ ഉടനേ അടുത്ത ഗ്രാമത്തിലേക്കു കുതിച്ചു.

ഉച്ചക്കു ചന്തയില്‍ അലക്ഷ്യമായി നടന്ന യജമാനന്‍ മരണത്തിനെ കണ്ട് തടഞ്ഞു നിറുത്തി ചോദിച്ചു:
“ഹേ, മരണമേ, നീ എന്തിനു എന്റെ ഭ്രത്യനുമായി ഇവിടെ വച്ചു സന്ധിക്കുവാന്‍ ശ്രമിച്ചു?”

അതിനു മറുപടിയായി മരണം പറഞു:
“സുഹ്രത്തേ, എനിക്കും അവനെ ഇവിടെ കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. കാരണം, ഇന്നു വൈകുന്നേരം അടുത്ത ഗ്രാമത്തില്‍ വച്ചാണ് ഞാന്‍ അവനേ കാണേണ്ടിയിരുന്നത്”

ഡും.....ഡും......ഡും........

നാട്ടുകാരേ....മറുനാട്ടുകാ‍രേ....വീട്ടുകാരേ....കൂട്ടുകാരേ......
ഞാനും തുടങ്ങി ഒരു ബ്ലോഗ്. ഈ സായിപ്പിന്റെ ‘കംബൂട്ടര്‍‘ മഹാത്ഭുതത്തില്‍ മനോഹരമായ മലയാളത്തില്‍ എഴുതാനുള്ള മ്രദുലാക്രി കണ്ടുപിടിച്ച മഹാമനസ്ക്കന്മാരായ Software ഗുരുക്കന്മാരായ സിബു ജോണ്‍-നും പെരിങ്ങോടന്‍ സാഹിബിനും മനസ്സുനിറഞ്ഞ നന്ദി പറഞ്ഞുകൊണ്ട് ....ഞാനും എന്റെ ഈ ഉദ്യമം ആരംഭിക്കട്ടെ.........

മരപ്പട്ടി.